ടൂറിസ്റ്റ് വിസയില്‍ കുട്ടികളെയും കൂട്ടി വന്നാല്‍ യുഎഇയില്‍ വിസാ ഫേസ് ഈടാക്കില്ല

Update: 2021-05-21 01:39 GMT

അബൂദബി: ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് വരുന്നവര്‍ക്കൊപ്പം കുട്ടികളുണ്ടെങ്കില്‍ വിസാ ഫീസ് ഈടാക്കേണ്ടതില്ലെന്ന് യുഎഇ മന്ത്രിസഭാ തീരുമാനം. വിസാ നയത്തില്‍ ഉദാരവല്‍ക്കരണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണു തീരുമാനം. ഇതനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നു ടൂറിസ്റ്റ് വിസകളില്‍ വരുന്നവരോടൊപ്പം 18 വയസ്സിനു താഴെയുള്ളവരുണ്ടെങ്കില്‍ വിസാ നിരക്ക് വേണ്ടെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ അറിയിച്ചത്. ജൂലൈ 15 മുതല്‍ സപ്തംബര്‍ 15 വരെയാണ് വിസാ നിരക്കില്‍ ഇളവ് ലഭിക്കുക. ഇനിമുതല്‍ എല്ലാ വര്‍ഷവും ഇതേ മാസങ്ങളില്‍ വിസ് ഫീസില്‍ ഇളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മാതാവിന്റെയോ പിതാവിന്റെയോ കൂടെയാണ് കുട്ടികള്‍ വരുന്നതെന്ന് തെളിയിക്കുന്ന രേഖയാണ് വേണ്ടത്. ഹ്രസ്വ, ദീര്‍ഘ കാല ടൂറിസ്റ്റ് വിസകള്‍ക്കെല്ലാം നിരക്കില്‍ ഇളവ് ലഭിക്കും.

    ടൂറിസ്റ്റ് വിസ ലഭിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ചാനലുകള്‍ വഴിയും www.ica.gov.ae വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാം. 'ഫാമിലി ടൂറിസ്റ്റ് വിസ' എന്ന ലിങ്കാണ് നിരക്ക് ഇളവ് ലഭിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബയ്, എയര്‍ അറേബ്യ വിമാനക്കമ്പനികള്‍ വഴിയാണ് വിമാന ടിക്കറ്റ് അനുവദിക്കുക.

    ഇതിനുപുറമെ അംഗീകൃത ട്രാവല്‍ ഏജന്‍സികളിലൂടെയും ടിക്കറ്റെടുക്കാം. വരുന്നവര്‍ ഹോട്ടല്‍ ബുക്കിങ് വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. സാധാരണയായി യുഎഇ രണ്ട് തരം ടൂറിസ്റ്റ് വിസകളാണ് നല്‍കിവരുന്നത്. 30 ദിവസം കാലാവധിയുള്ള ഹ്രസ്വകാല വിസയും 90 ദിവസം വരെ രാജ്യത്ത് തങ്ങാനാകുന്ന ദീര്‍ഘകാല വിസയും. 200 ദിര്‍ഹമാണ് 30 ദിവസത്തെ വിസയ്ക്ക് ഈടാക്കുന്നത്. ആവശ്യം വരികയാണെങ്കില്‍ ഇത് 30 ദിവസം കൂടി രണ്ടു തവണ പുതുക്കാം. അതേസമയം, 90 ദിവസം കാലാവധിയുള്ള വിസയ്ക്ക് 550 ദിര്‍ഹമാണ് ഫീസ് ഈടാക്കുന്നത്. രണ്ടു തവണയായി 30 ദിവസം വീതം വിസ പുതുക്കാനാകും. ഓരോ പുതുക്കലിനും 600 ദിര്‍ഹം നല്‍കണം.

Visa fees will not be charged in UAE if you bring children on tourist visa

Tags:    

Similar News