ജാഥയ്ക്കു നേരെ ആര്‍എസ്എസ് നടത്തിയ അക്രമം ആസൂത്രിതം: എസ് ഡിപിഐ

Update: 2021-02-24 18:35 GMT

ആലപ്പുഴ: എസ് ഡിപിഐ ചേര്‍ത്തല മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്കു നേരെ ആര്‍എസ്എസ് നടത്തിയ അക്രമം ആസൂത്രിതമാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം എം താഹിര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി എസ് ഡിപിഐ മണ്ഡലം തലത്തില്‍ വാഹന പ്രചാരണ ജാഥ നടത്തിവരികയാണ്. ജാഥ വയലാറില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാഥയെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എസ് ഡിപിഐ പ്രവര്‍ത്തകര്‍ അത് വകവയ്ക്കാതെ ജാഥയുമായി മുന്നോട്ടുപോവുകയും ചെയ്തു.

    എന്നാല്‍ പിന്നീട് ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആര്‍എസ്എസ് ക്രിമിനലുകള്‍ എസ് ഡിപിഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. നാല് എസ് ഡിപിഐ പ്രവര്‍ത്തകരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. പ്രസ്തുത സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടത് ദുരൂഹമാണ്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടതുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും അസഹിഷ്ണുതയോടെ നോക്കിക്കണ്ട് ജാഥയ്ക്കു നേരെ ആക്രമണം നടത്തിയ ആര്‍എസ്എസ് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

    ഉത്തരേന്ത്യന്‍ മാതൃകയില്‍ അക്രമങ്ങളിലൂടെയും കലാപങ്ങളിലൂടെയും രാഷ്ട്രീയ മേല്‍ക്കോയ്മ നേടാനാണ് കേരളത്തില്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ബിജെപിയുടെ നേതാക്കള്‍ കടുത്ത വര്‍ഗീയത പ്രസംഗിച്ചുനടക്കുന്നത്. ഈ ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കാന്‍ പോലിസ് തയ്യാറാവണമെന്നും താഹിര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News