കൊവിഡ് വ്യാപനം രൂക്ഷം; ചൈനയിലെ സ്ഥിതി ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന

Update: 2022-12-22 10:24 GMT

ജനീവ: ചൈനയിലെ കൊവിഡ് കേസുകളുടെ ഞെട്ടിക്കുന്ന വ്യാപനം ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ചൈനയിലെ വാക്‌സിനേഷന്‍ പ്രക്രിയ എത്രയും വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയിലെ നിലവിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. വലിയ രീതിയിലാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. അപകടസാധ്യത കൂടിയവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന കാര്യത്തില്‍ ചൈന ശ്രദ്ധകേന്ദ്രീകരിക്കണം. ആരോഗ്യരംഗത്ത് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നത് തുടരുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും ഗബ്രിയേസസ് പറഞ്ഞു.

അതേസമയം, ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. രാജ്യത്തെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍, രോഗികളെക്കുറിച്ചുള്ള യഥാര്‍ഥ കണക്ക് പുറത്തുവിടാന്‍ ചൈന ഇപ്പോഴും തയ്യാറായിട്ടില്ല. അവശ്യമരുന്നുകളും മെഡിക്കല്‍ ഓക്‌സിജനും വലിയ ക്ഷാമം നേരിടുന്നുണ്ട്. ദിവസം 30 മൃതദേഹങ്ങള്‍ മാത്രം സംസ്‌കരിച്ചിരുന്ന ശ്മശാനങ്ങളില്‍ നിലവില്‍ 300 മൃതദേഹങ്ങള്‍ വരെ എത്തുന്നുണ്ടെന്നാണ് റിപോര്‍ട്ട്. വലിയ പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞയിടെയാണ് മൂന്നുവര്‍ഷമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണണങ്ങളില്‍ ചൈന ഇളവുവരുത്തിയത്. ഇതിന് പിന്നാലെയാണ് കൊാവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നത്.

Tags:    

Similar News