പിണറായി ഓട്ടച്ചങ്കന്‍; സച്ചിദാനന്ദന്‍ പ്രകടിപ്പിച്ചത് സാമാന്യവികാരമെന്ന് വി ഡി സതീശന്‍

Update: 2023-08-21 05:55 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ലെന്നും ഓട്ടച്ചങ്കനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മൂന്നാം തവണയും സിപിഎം അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്ന കവി സച്ചിദാനന്ദന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിനെതിരേ ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യവികാരമാണ് സച്ചിദാനന്ദന്‍ പ്രകടപ്പിച്ചതെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മരുന്ന് കൊടുക്കണമെന്നാണ് മരുമകനായ മന്ത്രി അഹങ്കാരത്തോടെ പറയുന്നത്.

    സമൂഹത്തെയും ഭരണകൂടത്തെയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യവികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കവിയും എഴുത്തുകാരനുമൊക്കെ ആയതുകൊണ്ട് അദ്ദേഹം അത് ഹൃദയത്തില്‍ തട്ടിപ്പറഞ്ഞുവെന്ന് മാത്രം. ഇതാണ് കേരള ജനത മുഴുവന്‍ പറയുന്നത്. ജനം ഭയന്നിരിക്കുകയാണ്. ഈ സര്‍ക്കാരാണ് ഇവിടെ തുടരുന്നതെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥയെന്നും സതീശന്‍ ചോദിച്ചു. ഗ്രോവാസുവിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് കവി സച്ചിദാനന്ദന്‍ പിണറായി സര്‍ക്കാരിനെതിരേ രംഗത്തെത്തിയത്.

    രമേശ് ചെന്നിത്തല പരിണിതപ്രജ്ഞനായ നേതാവാണ്. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉറച്ചുനില്‍ക്കും. അദ്ദേഹത്തിന് ഒരു അതൃപ്തിയുമില്ലെന്ന് സതീശന്‍ പറഞ്ഞു. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കുമെന്നായിരുന്നു ഇതുവരെയുള്ള മാധ്യമവാര്‍ത്തകള്‍. തരൂര്‍ വന്നതോടെ ചെന്നിത്തലയെ പിടിച്ചുവാര്‍ത്തയുണ്ടാക്കുന്നു. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മറ്റി അംഗങ്ങളെ തീരുമാനിക്കാനള്ള അവകാശമെങ്കിലും പാര്‍ട്ടിക്ക് നല്‍കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.


Tags:    

Similar News