ഫാറൂഖ് അബ്ദുല്ലയ്ക്കായി ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്ത് വൈക്കോ

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബ്ദുല്ല സമ്മതിച്ചിരുന്നതായും കശ്മീരില്‍ വീട്ടുതടങ്കലിലായതിനാല്‍ പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും വൈക്കോ വ്യക്തമാക്കി.

Update: 2019-09-11 14:09 GMT

ന്യൂഡല്‍ഹി: ഈ മാസം 15ന് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഡിഎംകെ ചീഫ് വൈക്കോ സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ചെന്നൈയില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട അബ്ദുല്ലയെ പിന്നീട് തനിക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് മരുമലാര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) നേതാവ് തന്റെ 12 പേജുള്ള നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബ്ദുല്ല സമ്മതിച്ചിരുന്നതായും കശ്മീരില്‍ വീട്ടുതടങ്കലിലായതിനാല്‍ പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും വൈക്കോ വ്യക്തമാക്കി.

നേരത്തെയുള്ള സമ്മേളനങ്ങളിലും ഫാറൂഖ് അബ്ദുല്ല പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കണമെന്നാണ് വൈക്കോയുടെ ആവശ്യം. കശ്മീര്‍ ഭരണകൂടത്തിനും വൈക്കോ വിഷയം ചൂണ്ടിക്കാട്ടി കത്തയച്ചു. ഫാറൂഖ് അബ്ദുല്ലയ്ക്ക് ചെന്നൈയിലെത്താന്‍ വഴിയൊരുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്ന് എംഡിഎംകെ അറിയിച്ചു.

അതേസമയം, ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞ ശേഷം ഫാറൂഖ് അബ്ദുല്ലയെ പുറംലോകം കണ്ടിട്ടില്ല.അദ്ദേഹം കശ്മീരില്‍ വീട്ടുതടങ്കലിലാണ് എന്നാണ് വിവരം. കശ്മീരിലെ ഒട്ടേറെ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ഫാറൂഖ് അബ്ദുല്ലയെ നിയമവിരുദ്ധമായിട്ടാണ് സര്‍ക്കാര്‍ തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് വൈക്കോക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ജെ ആനന്ദ സെല്‍വം പറഞ്ഞു.

Tags:    

Similar News