ആര്‍എസ്എസിന്റെ ചോരക്കളികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം: വി ടി ബല്‍റാം

Update: 2021-12-03 06:06 GMT

കോഴിക്കോട്: ആര്‍എസ്എസിന്റെ ചോരക്കളികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ശക്തമായ നടപടികള്‍ എടുക്കണമെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി ടി ബല്‍റാം. സ്വന്തം അണികളെ കുരുതി കൊടുത്തിട്ടാണെങ്കിലും ആര്‍എസ്എസിനെ പ്രീണിപ്പെടുത്തുന്ന സമീപനം പിണറായി വിജയന്‍ തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയില്‍പ്പെട്ട കാര്യമാണ്. 'അഞ്ച് നേരം നിസ്‌ക്കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല' എന്നാക്രോശിച്ച് പരസ്യമായി തെരുവിലറങ്ങി നാടിന്റെ മത സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാന്‍ വെല്ലുവിളി നടത്തുന്ന ഹിന്ദുത്വ ഭീകരതയോട് പിണറായി വിജയന്റെ സര്‍ക്കാര്‍ സ്ഥിരമായി കൈക്കൊള്ളുന്ന മൃദുസമീപനമാണ് വീണ്ടും കൊലക്കത്തി ഉയര്‍ത്താന്‍ അവര്‍ക്ക് ധൈര്യം പകരുന്നത്'. വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആര്‍എസ്എസിന്റെ ചോരക്കളികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ശക്തമായ നടപടികള്‍ എടുക്കണം. സ്വന്തം അണികളെ കുരുതി കൊടുത്തിട്ടാണെങ്കിലും ആര്‍എസ്എസിനെ പ്രീണിപ്പെടുത്തുന്ന സമീപനം പിണറായി വിജയന്‍ തിരുത്താന്‍ തയ്യാറാവണം. ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയില്‍പ്പെട്ട കാര്യമാണ്. 'അഞ്ച് നേരം നിസ്‌ക്കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല' എന്നാക്രോശിച്ച് പരസ്യമായി തെരുവിലറങ്ങി നാടിന്റെ മത സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാന്‍ വെല്ലുവിളി നടത്തുന്ന ഹിന്ദുത്വ ഭീകരതയോട് പിണറായി വിജയന്റെ സര്‍ക്കാര്‍ സ്ഥിരമായി കൈക്കൊള്ളുന്ന മൃദുസമീപനമാണ് വീണ്ടും കൊലക്കത്തി ഉയര്‍ത്താന്‍ അവര്‍ക്ക് ധൈര്യം പകരുന്നത്.

പെരിയയിലെ കൃപേഷിന്റേയും ശരത് ലാലിന്റെയും ക്രൂര കൊലപാതകങ്ങളിലെ പ്രതിയായ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കമുള്ള ക്രിമിനലുകളെ ന്യായീകരിക്കാനും സംരക്ഷിക്കാനും സിപിഎമ്മുകാര്‍ ചാനല്‍ തോറും കയറിയിറങ്ങുന്നതിനിടയിലാണ് അവരുടെ കൂട്ടത്തില്‍ നിന്നൊരു പ്രാദേശിക നേതാവ് തിരുവല്ലയില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയാവുന്നത്. പെരിയ കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല എന്ന് വാദിക്കാന്‍ സംസ്ഥാന ഖജനാവിലെ നികുതിപ്പണത്തില്‍ നിന്നാണ് 93 ലക്ഷം രൂപ വക്കീല്‍ ഫീസായി ചെലവഴിച്ചത്. ഇതേക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് ഇനിയും ഇങ്ങനെത്തന്നെ ചെയ്യും എന്ന ധിക്കാരപൂര്‍വ്വമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലടക്കം നല്‍കിയത്.

ഇനിയെങ്കിലും കൊലപാതകികളെ ഇങ്ങനെ രാഷ്ട്രീയമായി സംരക്ഷിക്കാതെ അവരെ നിയമത്തിന് വിട്ടുനല്‍കാനുള്ള ജനാധിപത്യ വിവേകം സംസ്ഥാന ഭരണകക്ഷിയായ സിപിഎം കാണിക്കുകയാണെങ്കില്‍ മാത്രമേ ഇവിടത്തെ ക്രിമിനല്‍ രാഷ്ട്രീയത്തിന് ശാശ്വതമായി പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. അതിനുപകരം സിപിഎം ഇന്നലെകളില്‍ നടത്തിയതും ഇനി നാളെകളില്‍ നടത്താനിരിക്കുന്നതുമായ അതിക്രമങ്ങള്‍ക്ക് മറുപടിയായി ന്യായീകരിക്കാനുള്ള കേവലമായ ഒരുദാഹരണമായി ഈ കൊലപാതകവും മാറരുത് എന്നാണ് കേരളം ആഗ്രഹിക്കുന്നത്. പാര്‍ട്ടികള്‍ക്ക് രക്തസാക്ഷിപ്പട്ടികയില്‍ കുട്ടിച്ചേര്‍ക്കാനുള്ള ഒരു നമ്പര്‍ മാത്രമായിരിക്കാം ഓരോ കൊലപാതകവും, എന്നാല്‍ വേണ്ടപ്പെട്ടവര്‍ക്ക് അത് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ട തീരാവേദനയാണ്.

കൊലചെയ്യപ്പെട്ട സന്ദീപ് കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

Tags:    

Similar News