മരംകൊള്ള കേസ്: എല്ലാ തെളിവുകളും പുറത്ത് വന്നിട്ടും മുഖ്യമന്ത്രിക്ക് മൗനമാണെന്ന് വി ഡി സതീശന്‍

Update: 2021-08-26 11:28 GMT

പത്തനംതിട്ട: മുട്ടില്‍ മരംകൊള്ള കേസില്‍ എല്ലാ തെളിവുകളും പുറത്ത് വന്നിട്ടും മുഖ്യമന്ത്രിക്ക് മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡിഎഫ്ഒ ധനേഷിനെയടക്കം ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കാര്യങ്ങള്‍ ഒന്നുമറിയാത്ത എ കെ ബാലനാണ് എല്ലാത്തിനും മറുപടി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ എഴുതി കൊടുക്കുന്നത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വായിക്കുക മാത്രമാണ് ഇവിടെ നടക്കുന്നതെന്നും കൊവിഡിനൊപ്പമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി. തകര്‍ന്ന സംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും വി ഡി സതീശന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വേഗത്തില്‍ സംഘടന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതെന്നും സതീഷന്‍ കൂട്ടിച്ചേര്‍ത്തു.

Tags: