സിഎഎ പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം; അമേരിക്കന്‍ സെനറ്റര്‍

Update: 2020-01-16 04:38 GMT

വാഷിങ്ടണ്‍: പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുഎസ് സെനറ്റര്‍ ബോബ് മെനന്‍ഡഡസ്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്ക് അയച്ച കത്തിലാണ് മെനന്‍ഡസ് ആവശ്യമുന്നയിച്ചത്. പൗരത്വ നിയമം ഭേദഗതി ചെയ്തതിലും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള തീരുമാനത്തിലും ആശങ്ക അറിയിച്ച് വിദേശകാര്യ കമ്മിറ്റിയിലെ അംഗമായ ബോബ് കഴിഞ്ഞ ദിവസം മൈക്ക് പോംപിയോയ്ക്ക് കത്ത് അയക്കുകയായിരുന്നു. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലുമുള്ളവര്‍ക്ക് മനുഷ്യാവകാശം ഉറപ്പാക്കാന്‍ ആവശ്യപ്പെടണമെന്നും വിദേശകാര്യ കമ്മിറ്റിയിലെ അംഗമായ ബോബ് കത്തില്‍ ആവശ്യപ്പെടുന്നു.

   


ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങലും സ്വതന്ത്രവും മനുഷ്യാവകശവും സംരക്ഷിക്കപ്പെടാന്‍ യുഎസ് ഇടപെടണം. മതം നോക്കാതെ ഇന്ത്യയിലെ എല്ലാ വ്യക്തികള്‍ക്കും മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്കും അന്താരാഷ്ട്ര നിയമ ഉടമ്പടികള്‍ക്കും എതിരാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയിെല മുസ്‌ലിംകളെ ഇതിനകം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അസമില്‍ മുസ്‌ലിംകള്‍ അടക്കം 19 ലക്ഷം പേരാണ് പൗരത്വ പട്ടികക്ക് പുറത്തായത്. റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെയും പാകിസ്താനിലെ അഹമ്മദിയ്യ വിഭാഗക്കാരെയും ഒഴിവാക്കിയതിലൂടെ ഇത് മതവിവേചനമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിഎഎ നടപ്പാക്കുന്നതില്‍ യുഎന്‍ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടയിലും സര്‍ക്കാര്‍ സിഎഎയുമായി മുന്നോട്ടുപോവുകയാണ്.

   




അതേസമയം, സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ രാജ്യവ്യാപകമായി പ്രതിഷേധിച്ചവര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളിലും മരണങ്ങളിലും മെനെന്‍ഡെസ് ആശങ്ക പ്രകടിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരിലെ സ്ഥിതിയും സാധാരണ നിലയിലായിട്ടില്ല. കശ്മീരില്‍ അഞ്ചു മാസമായി ഇന്റര്‍നെറ്റ് വിേച്ഛദിച്ചത് ജനാധിപത്യ ചരിത്രത്തില്‍തന്നെ ആദ്യമാണ്. മാത്രമല്ല, ജനങ്ങളുടെ ജീവിതവും ജോലിയും സമ്പത്തിക വ്യവസ്ഥയും കൂടുതല്‍ ഭീകരമായ സാഹചര്യമാണന്നും അദ്ദേഹം വ്യക്തമാക്കി.



Tags: