രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്; 'യുദ്ധം അമേരിക്ക ജയിച്ചു, ഹോര്‍മുസ് ആവശ്യമുള്ള രാജ്യങ്ങള്‍ സംരക്ഷിക്കണമെന്നും ട്രംപ്
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഈ യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാന്‍ തകര്‍ന്നടിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങള്‍ ഹോര്‍മുസ് സംരക്ഷിക്കണമെന്ന് ട്രംപ് പറഞ്ഞു. അല്ലെങ്കില്‍ രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങണം, അതുമല്ലെങ്കില്‍ ഹോര്‍മുസ് സ്വഭാവികമായി തുറക്കപ്പെടുമെന്നും ട്രംപ് അറിയിച്ചു.
ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞുവെന്ന് അവകാശപ്പെട്ട ട്രംപ്, യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തമാക്കിയില്ല. അമേരിക്ക ഒരിക്കലും ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല, പക്ഷെ അത് സംഭവിക്കും. ഇറാന്റെ പല സംവിധാനങ്ങളും തരിപ്പണമായി. ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇറാന്‍ ഇനി ഏത് നീക്കം നടത്തിയലും അമേരിക്ക അറിയുമെന്നും അത് തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ഇനി മിഡില്‍ ഈസ്റ്റിന് ഭീഷണി അല്ല. ഇറാന്റെ ഭീഷണി ഒഴിഞ്ഞെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാനില്‍ നിന്ന് ഉടന്‍ പുറത്ത് കടക്കുമെന്ന് ട്രംപ് ഇന്നലെ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇറാനില്‍ നിന്ന് യുഎസ് സൈന്യം ഉടന്‍ പിന്‍മാറുമെന്നും ആവശ്യമെങ്കില്‍ തിരിച്ചെത്തുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
