സോമാലിയ: യുഎസ് സൈനിക താവളത്തിനും യൂറോപ്യന്‍ യൂനിയന്‍ കോണ്‍വോയ്ക്കുമെതിരേ അല്‍ ശബാബ് ആക്രമണം

ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ശബാബ് പോരാളികള്‍ ഏറ്റെടുത്തു. രണ്ടു ഉഗ്ര സ്‌ഫോടനങ്ങള്‍ ഉണ്ടായതായും ആദ്യത്തേത് രണ്ടാമത്തേതിനേക്കാള്‍ വലിയ സ്‌ഫോടനമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Update: 2019-09-30 15:19 GMT

മൊഗാദിഷു: സോമാലിയന്‍ നഗരമായ ബെലിഗോഡില്‍ യുഎസ് സൈനിക താവളത്തിനും തലസ്ഥാനമായ മൊഗാദിഷുവില്‍ യൂറോപ്യന്‍ സൈനിക കോണ്‍വോയ്ക്കും നേരെ ആക്രമണം. യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സസ് പ്രവര്‍ത്തിക്കുന്ന താവളത്തില്‍ സ്‌ഫോടനത്തിനു പിന്നാലെ രൂക്ഷമായ വെടിവയ്പും ഉണ്ടായതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

മൊഗാദിഷുവില്‍ 100 കി.മീറ്റര്‍ അകലെയുള്ള ലോവര്‍ ഷാബെല്ലി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബാലിഡോഗില്‍ സൈനിക താവളത്തിനുനേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ശബാബ് പോരാളികള്‍ ഏറ്റെടുത്തു. രണ്ടു ഉഗ്ര സ്‌ഫോടനങ്ങള്‍ ഉണ്ടായതായും ആദ്യത്തേത് രണ്ടാമത്തേതിനേക്കാള്‍ വലിയ സ്‌ഫോടനമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സൈനിക താവളത്തിനും യുഎസ്, സോമാലിയന്‍ സൈന്യത്തിന്റെ പാര്‍പ്പിട മേഖലയ്ക്കും നേരെ ആളില്ലാവിമാനം ഉപയോഗിച്ചാണ് അല്‍ ശബാബ് പോരാളികള്‍ ആക്രമണം നടത്തിയതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

മറ്റൊരു സംഭവത്തില്‍ സോമാലിയന്‍ സൈന്യത്തെ പരിശോധിക്കുന്ന യൂറോപ്യന്‍ യൂനിയന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെ കാര്‍ബോംബ് ആക്രമണമുണ്ടായി. ഇറ്റാലിയന്‍ കോണ്‍വോയ്ക്കുനേരെ ആക്രമണം ഉണ്ടായതായി ഇറ്റാലിയന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീരിച്ചു. എന്നാല്‍, ആളപായം ഉണ്ടായതായി റിപോര്‍ട്ടില്ലെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

Tags: