യുപിയില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

Update: 2021-08-18 14:30 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് അറുതിയില്ല. മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മീററ്റ് ജില്ലയിലെ റോഹ്ത പ്രദേശത്തുള്ള ഹോട്ടലിലാണ് ദാരുണമായ സംഭവമുണ്ടായത്. സംഭവത്തില്‍ കേസെടുത്ത പോലിസ്, രണ്ട് പ്രതികളെ അറസ്റ്റുചെയ്തു. പ്രതികളില്‍ ഒരാള്‍ ജിംനേഷ്യം ഉടമയാണ്. ഉജ്വലും സത്‌വായ് സ്വദേശിയായ സൗരഭുമാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മോനു ഒളിവിലാണ്.

അമര്‍പാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റസ്‌ന റോഡിലെ ഹോട്ടല്‍. ഇതിന്റെ ഒന്നാം നിലയിലാണ് അമര്‍പാലിന്റെ മകന്‍ ഉജ്വല്‍ ജിംനേഷ്യം നടത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഉജ്വലും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയുമായി ഹോട്ടലിലെത്തിയത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി ബോധരഹിതയാക്കിയ ശേഷം പ്രതികള്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. ബോധം തെളിഞ്ഞ യുവതി ബന്ധുവിനെ വിളിച്ച് സംഭവത്തെക്കുറിച്ച് പറഞ്ഞു. ബന്ധു ഉടന്‍തന്നെ പോലിസിനെ വിവരമറിയിച്ചശേഷം സ്ഥലത്തെത്തുകയായിരുന്നു. രണ്ട് പ്രതികളെ സംഭവസ്ഥലത്ത് വച്ച് തന്നെ പിടികൂടി. മൂന്നാം പ്രതി രക്ഷപ്പെട്ടു.

പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ മൊഴിയും പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പ്രതികള്‍ക്കെതിരേ കേസെടുത്തതായി റോഹ്ത ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്ര സിങ് പറഞ്ഞു. അറസ്റ്റുചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കെതിരായ ബലാല്‍സംഗങ്ങള്‍ നിത്യസംഭവമായി മാറുകയാണ്. പെണ്‍കുട്ടികളെ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ടുദിവസം മുമ്പാണ് മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ 17കാരന്‍ ബലാല്‍സംഗത്തിനിരയാക്കിയത്.

Tags: