അക്രമത്തിന് മുമ്പ് യുപി പോലിസ് സിസിടിവി കാമറകള്‍ തകര്‍ത്തു (വീഡിയോ)
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ച് മുസ് ലിംകളുടെ സ്വത്ത് കണ്ട് കെട്ടുന്നതിനിടേയാണ് പോലിസ് അതിക്രമത്തിന്റെ തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നത്.
മീററ്റ്: യുപിയില്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ അക്രമം തുടങ്ങുന്നതിന് മുമ്പ് പോലിസ് സിസിടിവി കാമറകള്‍ അടിച്ച് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മീററ്റിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകള്‍ പോലിസ് ലാത്തി ഉപയോഗിച്ച് അടിച്ച് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
Video obtained by @Reuters shows policemen smashing two surveillance cameras in a mainly Muslim neighborhood of northern India the day five Muslim men were shot dead as protests flared over a controversial citizenship law. More here: https://t.co/THemHOBTgp pic.twitter.com/pEQbSKTeIH
— Reuters (@Reuters) December 27, 2019
മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ കടകളിലെ രണ്ട് കാമറകളില്‍ നിന്ന് ലഭ്യമായ ദൃശ്യങ്ങളാണ് റോയിട്ടേഴ്‌സ് പുറത്ത് വിട്ടത്. കാമറകള്‍ ലാത്തി ഉപയോഗിച്ച് അടിച്ച് തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഡിസംബര്‍ 20 ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം അക്രമം ആരംഭിക്കുന്നതിന് മുമ്പ് പോലിസ് നിരവധി സിസിടിവി കാമറകള്‍ തകര്‍ത്തതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. പോലിസ് കാമറകളൊന്നും നശിപ്പിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ടവര്‍ കലാപത്തിനായി തെരുവില്‍ ഇറങ്ങിയവരാണെന്നുമാണ് മീററ്റ് സിറ്റി എസ്പി അഖിലേഷ് സിംഗ് പറയുന്നത്. എന്നാല്‍, പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസ് അതിക്രമം നടന്നതായി വ്യക്തമാക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ച് മുസ് ലിംകളുടെ സ്വത്ത് കണ്ട് കെട്ടുന്നതിനിടേയാണ് പോലിസ് അതിക്രമത്തിന്റെ തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ട്‌കെട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍, വീഡിയോ ക്ലിപ്പുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ സഹായത്തോടെ പ്രക്ഷോഭകരെ തിരിച്ചറിയുമെന്നാണ് യോഗി പറഞ്ഞത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനെതിരായ പോലിസ് വെടിവയ്പ്പില്‍ മീററ്റില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്ക് പ്രകാരം യുപിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 1,100 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 5,558 പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, പ്രതിഷേധക്കാരുടെ വീടുകളില്‍ കയറി പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതുള്‍പ്പെടെ യുപി പോലിസ് സ്വകാര്യ സ്വത്തുക്കള്‍ വ്യാപകമായി നശിപ്പിച്ചതായി ഇരകളാക്കപ്പെട്ടവര്‍ പറഞ്ഞു. പോലിസ് സ്വകാര്യ സ്വത്തുക്കള്‍ തകര്‍ത്തതിന്റെ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ പോലിസിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറാവണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

