നിയമവിരുദ്ധ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; നാലു പേര്‍ അറസ്റ്റില്‍

ഒരു ആരോഗ്യ വിദഗ്ധനാണ് വാക്‌സിനേഷന്‍ യജ്ഞത്തിന് ചുക്കാന്‍ പിടിച്ചത്. ശ്രാവസ്തി ജില്ലയിലേക്ക് നിയോഗിച്ച ഇയാള്‍ അവിടെനിന്ന് നിയമവിരുദ്ധമായി വാക്‌സിന്‍ ഇവിടേക്ക് കൊണ്ടു വരികയായിരുന്നു.

Update: 2021-08-30 16:09 GMT

ബാരബങ്കി: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ ഞായറാഴ്ച നടന്ന കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ യജ്ഞം വീഡിയോയില്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്യുകയും 18 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സായിദ്പൂര്‍ പോലിസ് സ്‌റ്റേഷന്റെ പരിധിയിലുള്ള മാന്‍പൂര്‍ ദേഹുവ ഗ്രാമത്തിലാണ് വാക്‌സിനേഷന്‍ യജ്ഞം നടന്നത്.

പരിപാടിയില്‍ 150 പേരാണ് പങ്കെടുത്തിരുന്നത്. ഒരു ആരോഗ്യ വിദഗ്ധനാണ് വാക്‌സിനേഷന്‍ യജ്ഞത്തിന് ചുക്കാന്‍ പിടിച്ചത്. ശ്രാവസ്തി ജില്ലയിലേക്ക് നിയോഗിച്ച ഇയാള്‍ അവിടെനിന്ന് നിയമവിരുദ്ധമായി വാക്‌സിന്‍ ഇവിടേക്ക് കൊണ്ടു വരികയായിരുന്നു.

ഉപയോഗിച്ചതും നിറഞ്ഞിരിക്കുന്നതുമായി കൊവാക്‌സിന്‍ കുപ്പികള്‍ സ്ഥലത്ത് കണ്ടെത്തി. മാധ്യമങ്ങള്‍ കൊവാക്‌സിന്‍ യജ്ഞം ചിത്രീകരിക്കാന്‍ ആരംഭിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകരും ഗ്രാമവാസികളും ക്ഷുഭിതരാവുകയും തുടര്‍ന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരെ ഒരു മുറിയില്‍ പൂട്ടിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്യുന്നു.

'നിയമവിരുദ്ധമായി കൊണ്ടുവന്ന വാക്‌സിനുകള്‍ ഉപയോഗിച്ചുള്ള വാക്‌സിനേഷന്‍ യജ്ഞം കവര്‍ ചെയ്ത മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായും ഇതുമായി ബന്ധപ്പെട്ട് പേരുള്ള 18 പേര്‍ക്കും കണ്ടാലറിയുന്ന 12 പേര്‍ക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ബാരബങ്കി പോലിസ് സൂപ്രണ്ട് യമുനാ പ്രസാദ് പറഞ്ഞു. തങ്ങളെ മര്‍ദ്ദിക്കുകയും അവരുടെ കാമറകള്‍ തകര്‍ക്കുകയും ചെയ്തതായി പോലിസില്‍ നല്‍കിയ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു.

Tags: