ഏക സിവില്‍കോഡ് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധം: മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

Update: 2021-07-11 16:27 GMT

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് ജനറല്‍ സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനി. നിരവധി മതസ്ഥരും ധാരാളം സംസ്‌കാരങ്ങളും വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യാ മഹാരാജ്യം. നാനാത്വത്തിലെ ഏകത്വം ഈ രാജ്യത്തിന്റെ സൗന്ദര്യമാണ്. ഇങ്ങനെയുള്ള ഒരു രാജ്യത്ത് ഏക സിവില്‍കോഡ് തീര്‍ത്തും അനുയോജ്യമല്ല. ഒരു മതവും സംസ്‌കാരവുമായി ബന്ധപ്പെട്ടവര്‍ മാത്രം താമസിക്കുന്ന രാജ്യത്തും പ്രദേശത്തും ഏക സിവില്‍കോഡ് സാധ്യമാവുന്നതാണ്.

എന്നാല്‍, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇത് തീര്‍ത്തും അസ്വീകാര്യവും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോ പൗരനും അവരവരുടെ മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും ശാന്തമായി പ്രബോധനം ചെയ്യാനും ഭരണഘടന അനുവദിക്കുന്നുണ്ട്. ഇത്തരുണത്തില്‍ ഏക സിവില്‍കോഡ് ഭരണകൂടം അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ മതമനുസരിച്ച് ജീവിക്കാന്‍ തടസ്സമാവും. മതമെന്നത് വിശ്വാസവും കര്‍മവുമായി ബന്ധപ്പെട്ടതാണ്. നിസാരകാര്യങ്ങള്‍ക്ക് അത് ഉപേക്ഷിക്കുക സാധ്യമല്ല. ഈ രാജ്യത്ത് ഇഷ്ടമുള്ളതുപോലെ വിവാഹം നടത്തുന്നതിന് സ്‌പെഷ്യല്‍ മാരേജ് ആക്ട് നിലവിലുണ്ട്.

എന്നിട്ടും ബഹുഭൂരിഭാഗം ജനങ്ങളും മതനിയമങ്ങള്‍ക്ക് അനുസൃതവും സംസ്‌കാര ആചാരങ്ങള്‍ക്ക് അനുയോജ്യവുമായ നിലയില്‍ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്ത് സങ്കീര്‍ണമായ മറ്റ് ധാരാളം വിഷയങ്ങളുണ്ട്. ഇതിനിടയില്‍ ഇപ്രകാരമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് ശൈഥില്യത്തിന് മാത്രമേ കാരണമാവുകയുള്ളൂ. അതിനാല്‍, ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളെ പരിഗണിക്കാനും ആരുടെയും മേല്‍ അന്യായമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കാനും ഭരണകൂടം ശ്രദ്ധിക്കണമെന്ന് ഖാലിദ് സൈഫുല്ലാ റഹ്മാനി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News