ഏക സിവില്‍ കോഡ്: 75 ലക്ഷത്തിലേറെ പ്രതികരണങ്ങള്‍ ലഭിച്ചതായി നിയമ കമ്മീഷന്‍

Update: 2023-07-28 13:51 GMT

ന്യൂഡല്‍ഹി: നിര്‍ദിഷ്ട ഏകസിവില്‍കോഡ് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയതില്‍ 75 ലക്ഷത്തിലേറെ പ്രതികരണങ്ങള്‍ ലഭിച്ചതായി നിയമ കമ്മീഷന്‍. വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും മത സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും സമിതി അഭിപ്രായം തേടിയിരുന്നു. അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ജൂലൈ 28 വരെയായിരുന്നു. ഇതിനിടെയാണ് 75 ലക്ഷത്തിലധികം പ്രതികരണങ്ങള്‍ ലഭിച്ചതെന്ന് ലോ കമ്മീഷന്‍ അറിയിച്ചു. രാഷ്ട്രപതിയുടെ ഓഫിസിന് 3 ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് രണ്ടു ലക്ഷത്തിലേറെ പ്രതികരണങ്ങള്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈ പ്രതികരണങ്ങളെല്ലാം ക്രോഡീകരിച്ച് നിയമ കമ്മീഷന്‍ വിശകലനം ചെയ്യും. പിന്നീട് സമിതി തിരഞ്ഞെടുത്ത കക്ഷികളുമായി ഒറ്റത്തവണ ചര്‍ച്ചകള്‍ നടത്തുകയും ഏകസിവില്‍ കോഡ് സംബന്ധിച്ച പൊതു സംവാദങ്ങളും സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുകയും ചെയ്യും. എല്ലാ പ്രതികരണങ്ങളും ക്രോഡീകരിക്കുകയാണെന്നും ശുപാര്‍ശകള്‍ പട്ടികപ്പെടുത്തി നിയമ മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും ഒരു ലോ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു.

    ഏകസിവില്‍ കോഡ് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിക്കൊണ്ട് നിയമകമ്മീഷന്‍ ആദ്യം ജൂണ്‍ 14 ആണ് സമയം നല്‍കിയിരുന്നത്. പിന്നീട് ജൂലൈ 28 വരെ സമയപരിധി നീട്ടുകയായിരുന്നു. എന്നാല്‍, വിവിധ മുസ് ലിം, ക്രിസ്ത്യന്‍ സംഘടനകളും ഗോത്രസമൂഹങ്ങളും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. രാജ്യത്തുടനീളമുള്ള പൗരന്മാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും എല്ലാവരുമായും പാനല്‍ ചര്‍ച്ചകളും സംവാദങ്ങളും നടത്തുമെന്നും ലോ കമ്മീഷന്‍ അറിയിച്ചു.

Tags: