ഇന്ത്യാ- ചൈന സംഘര്‍ഷം: ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍

അതിനിടെ സൈനിക പോരാട്ടത്തിന് തയ്യാറാണെന്ന പ്രകോപനവുമായി ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രം ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈനയുടെ സംയമനം ബലഹീനതയായി കാണരുതെന്നും മുഖപത്രത്തില്‍ പറയുന്നു.

Update: 2020-06-17 04:37 GMT

ന്യൂയോര്‍ക്ക്: ഇന്ത്യാ - ചൈന സംഘര്‍ഷത്തില്‍ ആശങ്ക പങ്കുവച്ച് യുഎന്‍. രാജ്യങ്ങളുടെ വിശദീകരണങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് ആവശ്യപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളും നടപടികള്‍ സ്വീകരിച്ചെന്ന റിപോര്‍ട്ടുകള്‍ പോസിറ്റീവായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സൈനികരുടെ മരണത്തില്‍ അമേരിക്ക അനുശോചനം അറിയിച്ചു. അതിനിടെ സൈനിക പോരാട്ടത്തിന് തയ്യാറാണെന്ന പ്രകോപനവുമായി ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രം ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈനയുടെ സംയമനം ബലഹീനതയായി കാണരുതെന്നും മുഖപത്രത്തില്‍ പറയുന്നു.

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്മാരാണ് മരിച്ചത്. 17 ട്രൂപ്പുകളിലുള്ള സൈനികര്‍ക്ക് പരിക്കേറ്റു. മോശം കാലാവസ്ഥ സൈനികര്‍ക്ക് തിരിച്ചടിയായെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരില്‍ ചിലര്‍ കൊല്ലപ്പെട്ടെന്നും ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ ഉച്ചയോടെയാണ് കിഴക്കന്‍ ലഡാക്കില്‍ ഒരു കേണല്‍ ഉള്‍പ്പടെ മൂന്ന് സൈനികര്‍ മരിച്ചെന്ന വാര്‍ത്ത വന്നത്. തുടര്‍ന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

രാത്രിയോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ സമാധാന ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. അത് പോലെ ചൈനയും പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Similar News