ലോകത്ത് പട്ടിണി ഉയരുമ്പോഴും ഭക്ഷണം വന്‍ തോതില്‍ പാഴാക്കുന്നതായി യുഎന്‍

ആഗോള ഭക്ഷ്യ മാലിന്യത്തിന്റെ അളവ് 2019ല്‍ 931 ദശലക്ഷം ടണ്ണിലെത്തിയതായി യുഎന്‍ഇപി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 40 ദശലക്ഷം ടണ്‍ അറബ് ലോകത്ത് നിന്നാണ് ഉത്ഭവിച്ചതെന്ന് പഠനം പറയുന്നു.

Update: 2021-03-16 10:25 GMT

ന്യൂയോര്‍ക്ക്: യുദ്ധവും ആഭ്യന്തര സംഘര്‍ഷവും തകര്‍ത്തെറിഞ്ഞ ആഫ്രിക്കയിലേയും ഏഷ്യയിലേയും ദശലക്ഷങ്ങള്‍ ഒരു നേരത്തെ അന്നത്തിനായി ലോകത്തിനു മുന്നില്‍ കൈനീട്ടുമ്പോള്‍ ആഗോള ഭക്ഷ്യ മാലിന്യത്തിന്റെ അളവ് ഓരോ വര്‍ഷവും ഞെട്ടിക്കുന്ന അളവില്‍ വര്‍ധിക്കുന്നതായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതി (യുഎന്‍ഇപി) റിപോര്‍ട്ട്

ആഗോള ഭക്ഷ്യ മാലിന്യത്തിന്റെ അളവ് 2019ല്‍ 931 ദശലക്ഷം ടണ്ണിലെത്തിയതായി യുഎന്‍ഇപി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 40 ദശലക്ഷം ടണ്‍ അറബ് ലോകത്ത് നിന്നാണ് ഉത്ഭവിച്ചതെന്ന് പഠനം പറയുന്നു.

അന്താരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച്, 2019ല്‍ മൊത്തം ഭക്ഷ്യ മാലിന്യത്തില്‍ ഒമ്പത് ദശലക്ഷം ടണ്‍ പാഴായ ഭക്ഷണവുമായി ഈജിപ്ത് ഒന്നാം സ്ഥാനത്തെത്തി. 4.73 ദശലക്ഷം ടണ്‍ ഭക്ഷ്യ മാലിന്യങ്ങളുമായി ഇറാഖും 4.16 ദശലക്ഷം ടണ്‍ ഭക്ഷ്യ മാലിന്യങ്ങളുമായി സുഡാനും രണ്ടും മൂന്നും സ്ഥാനത്തെത്തി.

അള്‍ജീരിയ (3.91 ദശലക്ഷം ടണ്‍), സൗദി അറേബ്യ (3.59 ദശലക്ഷം ടണ്‍), മൊറോക്കോ (3.31 ദശലക്ഷം ടണ്‍), യമന്‍ (3.02 ദശലക്ഷം ടണ്‍), സിറിയ (1.77 ദശലക്ഷം ടണ്‍), തുണീസ്യ (1.06 ദശലക്ഷം ടണ്‍) എന്നീ രാജ്യങ്ങളാണ് ഭക്ഷ്യ മാലിന്യത്തില്‍ മുന്‍ നിരയില്‍ ഇടംപിടിച്ച അറബ് രാജ്യങ്ങള്‍.

അതേസമയം, ജോര്‍ദാന്‍, യുഎഇ, ലെബനന്‍, ലിബിയ, ഫലസ്തീന്‍, ഒമാന്‍, മൗറിത്താനിയ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങള്‍ ഭക്ഷ്യമാലിന്യം ഉണ്ടാക്കുന്നതില്‍ പിന്നിലാണെന്നും യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭക്ഷ്യ മാലിന്യങ്ങള്‍ക്ക് വീട്ടുകാര്‍ മാത്രമല്ല ഉത്തരവാദികളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരു ഉല്‍പ്പന്നം അന്തിമ ഉപഭോക്താവില്‍ എത്തുന്നതിനുമുമ്പ് പലപ്പോഴും മാലിന്യമായി മാറുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

'വിളവെടുപ്പ് മുതല്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും ഉപഭോഗ തലങ്ങളിലും വരെ ഭക്ഷ്യ മാലിന്യങ്ങള്‍ ഉണ്ടാകുന്നതായി യുഎന്‍ പറയുന്നു. 570 ദശലക്ഷം ടണ്‍ മാലിന്യങ്ങള്‍ ഗാര്‍ഹിക തലത്തില്‍ ഉണ്ടാവുന്നതായും റിപോര്‍ട്ട് പറയുന്നു. 2030 ഓടെ ഭക്ഷ്യ മാലിന്യങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന്  യുഎന്‍ഇപി ഊന്നിപ്പറഞ്ഞു.

Tags:    

Similar News