കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; അഞ്ച് കെട്ടിടങ്ങള്‍ക്ക് കേടുപാട്, 13 ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍

Update: 2022-12-15 02:06 GMT

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ അഞ്ച് കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിനും നാല് റസിഡന്‍ഷ്യല്‍ കെട്ടിടത്തിനുമാണ് നാശനഷ്ടമെന്ന് കീവ് ഭരണനിര്‍വഹണ മേധാവി സെര്‍ഹി പോപ്‌കോ ടെലിഗ്രാമില്‍ അറിയിച്ചു. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. സെന്‍ട്രല്‍ ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയിലെ മൂന്ന് നിലകളുള്ള അഡ്മിനിസ്‌ട്രേറ്റിവ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സ്‌ഫോടനത്തില്‍ പാര്‍ക്ക് ചെയ്ത കാറുകളുടെയും സമീപത്തെ കെട്ടിടത്തിന്റെയും ജനാലകള്‍ പൊട്ടിത്തെറിച്ചു.


 മഞ്ഞുവീഴ്ചയുള്ളതിനാല്‍ കടുത്ത തണുപ്പിനെ നേരിടാന്‍ തകര്‍ന്ന ജനാലകള്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ശുചീകരണ തൊഴിലാളികള്‍ മറച്ചു. തലസ്ഥാന നഗരം ലക്ഷ്യമിട്ട് 13 ഇറാന്‍ നിര്‍മിത ഡ്രോണുകളാണ് റഷ്യ അയച്ചതെന്നും ഇവയെല്ലാം യുക്രെയ്ന്‍ സേന വെടിവച്ച് തകര്‍ത്തെന്നും പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഹ്രസ്വ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. യുക്രേനിയന്‍ വ്യോപ്രതിരോധം നിരവധി കെട്ടിടങ്ങളെ സംരക്ഷിച്ചു. ഇത്തരം ഡ്രോണുകള്‍ റഷ്യന്‍ ആയുധശേഖരത്തിലുള്ളതാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ റോക്കറ്റ് ആക്രമണം അടക്കമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍ സേന റഷ്യയിലെ ഒരു എയര്‍സ്ട്രിപ്പില്‍ ഈ മാസം നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇതെന്നാണ് റഷ്യന്‍ മാധ്യമങ്ങളുടെ പ്രതികരണം. കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തിന്റെ കിഴക്കും തെക്കുമുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റു ജനവാസ കേന്ദ്രങ്ങളും റഷ്യന്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു.

ഹര്‍കീവിലും ഡോണെറ്റ്‌സ്‌കിലും സാപൊറീഷ്യയിലും റഷ്യ കനത്ത റോക്കറ്റ് ആക്രമണം നടത്തി. റഷ്യയിലെ ഒരു എയര്‍സ്ട്രിപ്പില്‍ ഈ മാസാദ്യം യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. സമാധാന ഉടമ്പടിക്ക് മുന്നോടിയായി റഷ്യന്‍ സേന ക്രിസ്മസിനു മുമ്പ് പിന്‍മാറ്റം ആരംഭിക്കണമെന്ന യുക്രെയ്ന്‍ പ്രസിഡന്റ് വ് ളാമിര്‍ സെലെന്‍സ്‌കിയുടെ അഭ്യര്‍ഥനയോടു റഷ്യ പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യന്‍ മിസൈലുകള്‍ പ്രതിരോധിക്കാന്‍ യുക്രെയ്‌നിലേക്ക് പാട്രിയറ്റ് മിസൈല്‍ ശേഖരം അയക്കാന്‍ യുഎസ് സന്നദ്ധത അറിയിച്ചു.

Tags: