യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം തുടരുന്നു; മരിയുപോളില്‍ മാത്രം കൊല്ലപ്പെട്ടത് 5,000 പേര്‍, മരിച്ചവരില്‍ 200 കുട്ടികളും

Update: 2022-03-29 02:03 GMT

കീവ്: യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നു. അധിനിവേശം തുടങ്ങിയശേഷം തെക്കന്‍ യുക്രേനിയന്‍ നഗരമായ മരിയുപോളില്‍ മാത്രം 5,000 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 200 ഓളം പേര്‍ കുട്ടികളാണ്. നഗരത്തിലെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 40 ശതമാനം കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മാര്‍ച്ച് 1ന് ആരംഭിച്ച റഷ്യയുടെ കനത്ത ഷെല്ലാക്രമണത്തിന്റെ ആഘാതത്തില്‍ തുറമുഖ നഗരത്തില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. റസിഡന്‍ഷ്യല്‍ ഹൗസുകളും പ്രസവ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളും റഷ്യന്‍ ഷെല്ലാക്രമണത്തിലും മിസൈല്‍ ആക്രമണത്തിലും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഉപരോധം നേരിടുന്ന മരിയുപോള്‍ നഗരത്തിന്റെ മേയര്‍ വാഡിം ബോയ്‌ചെങ്കോയുടെ ഓഫിസാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം തുടങ്ങിയിട്ട് ഒരുമാസവും നാല് ദിവസവും പിന്നിടുകയാണ്. യുക്രെയ്‌നിലെ പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള കര, വ്യോമാക്രമണം അടക്കം ശക്തമാക്കുകയാണ് റഷ്യന്‍ സേന. യുക്രെയ്ന്‍ പ്രസിഡന്റുമായുള്ള അഭിമുഖം റിപോര്‍ട്ട് ചെയ്യരുതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങളിലൂടെ റഷ്യ യുക്രെയ്ന്‍ ജനതയില്‍ റഷ്യക്കാര്‍ക്കെതിരേ ആഴത്തിലുള്ള വെറുപ്പുവിതയ്ക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രെയ്ന്‍ സൈനിക ഇന്റലിജന്‍സ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചു. യുക്രെയ്‌നില്‍ മറ്റൊരു ദക്ഷിണ കൊറിയയും ഉത്തര കൊറിയയും സൃഷ്ടിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അഞ്ചാം വാരത്തിലേക്ക് കടന്നതോടെ റഷ്യയും യുക്രെയ്‌നും ചൊവ്വാഴ്ച തുര്‍ക്കിയില്‍ പുതിയ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും തമ്മില്‍ മുഖാമുഖം കൂടിക്കാഴ്ച നടത്താനുള്ള സാധ്യതകളുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.

Tags: