ഉദ്ദവ് താക്കറെ മുഖ്യമന്ത്രി; മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന്

Update: 2019-11-23 01:20 GMT

മുംബൈ: അനിശ്ചിതത്വങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. മഹാവികാസ് അഖാഡി എന്ന പേരിലാവും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുക. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാവും. അഞ്ചുവര്‍ഷവും ശിവസേനയ്ക്കു തന്നെ മുഖ്യമന്ത്രി പദവി നല്‍കാനാണു യോഗത്തില്‍ ധാരണയായത്. എന്നാല്‍ ആഭ്യന്തരം, ധനകാര്യം തുടങ്ങിയ സുപ്രധാന മന്ത്രിപദവികള്‍ സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. എന്‍സിപിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി പദവി നല്‍കും. വെള്ളിയാഴ്ച നടന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗത്തിലാണ് ഉദ്ദവിന്റെ പേര് മുഖ്യമന്ത്രി പദവിയിലേക്ക് തീരുമാനിച്ചത്. നേതാക്കള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചതോടെ ഉദ്ധവ് താക്കറെ സമ്മതം മൂളുകയായിരുന്നു. ആഭ്യന്തര വകുപ്പ് എന്‍സിപി ആവശ്യപ്പെട്ടതായാണു റിപോര്‍ട്ട്. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തിരഞ്ഞെടുത്തേക്കും.

    അതേസമയം, ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി അവിശുദ്ധ സഖ്യം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നു കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിധിന്‍ ഗഡ്കരി പറഞ്ഞു.







Tags:    

Similar News