ഇസ്രയേല്‍-യുഎഇ നയതന്ത്രബന്ധം സാധാരണ നിലയിലാക്കാന്‍ ധാരണ -ചരിത്രപരമായ വഴിത്തിരിവെന്ന് ട്രംപ്

'ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രയേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായി സമാധാന കരാര്‍' ട്രംപ് ട്വീറ്റ് ചെയ്തു. പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളുമായും അടുത്ത ആഴ്ച്ച ഇത്തരത്തില്‍ കരാറുണ്ടാക്കുമെന്നും ട്രംപ് അറിയിച്ചു.

Update: 2020-08-13 16:50 GMT

വാഷിംഗ്ടണ്‍: ഇസ്രയേലും യുഎഇയും നയതന്ത്ര ബന്ധം പൂര്‍ണമായും സാധാരണ നിലയിലാക്കാനുള്ള ധാരണയിലെത്തി. യുഎഇയുടെ തീരുമാനം ചരിത്രപരമായ വഴിത്തിരിവെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്നും പറഞ്ഞു.

ഇതോടെ ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രയേലുമായി സാധാരണ നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമായി യുഎഇ മാറും. രാജ്യങ്ങള്‍ അംബാസഡര്‍മാരെ അയക്കാനും കൂടുതല്‍ നേരിട്ടുള്ള വാണിജ്യബന്ധങ്ങള്‍ക്കും തുടക്കമാവും. വരും ആഴ്ച്ചകളില്‍ യുഎഇയും ഇസ്രയേലും ചര്‍ച്ചകള്‍ക്ക് തുടക്കമാവുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളില്‍ പരമാധികാരം പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് പ്രസിഡന്റ് ടംപുമായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും നടത്തിയ ചര്‍ച്ചയില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെ അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രയേലുമായി ധാരണയില്‍ എത്തിയതായി അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ട്രംപിന്റെ മധ്യസ്ഥയില്‍ ഫോണിലൂടെയാണ് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

'ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രയേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായി സമാധാന കരാര്‍' ട്രംപ് ട്വീറ്റ് ചെയ്തു. പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളുമായും അടുത്ത ആഴ്ച്ച ഇത്തരത്തില്‍ കരാറുണ്ടാക്കുമെന്നും ട്രംപ് അറിയിച്ചു.

'യുഎഇയും ഇസ്രയേലും സഹകരണത്തിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് രൂപീകരിക്കുന്നതിനും സമ്മതിച്ചു.' ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 'ചരിത്രപരമായ ദിനം' എന്നാണ് ട്വിറ്ററില്‍ എബ്രായ ഭാഷയില്‍ വിശേഷിപ്പിച്ചത്. 

Tags: