റിയാസ് മൗലവി വധത്തിന് രണ്ട് വര്‍ഷം; ഗൂഢാലോചന അന്വേഷിക്കാതെ പോലിസ്

കാലങ്ങളായി കാസര്‍കോഡ് മേഖലയില്‍ നടക്കുന്ന കലാപ ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് വ്യക്തമായിട്ടും കേസന്വേഷണം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒതുങ്ങുകയായിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടെന്ന വാദം പോലിസ് മുഖവിലക്കെടുത്തില്ല. മദ്യലഹരിയിലുണ്ടായ കൊലപാതകമെന്നാണ് പോലിസ് വാദം.

Update: 2019-03-20 01:54 GMT

കാസര്‍കോട്: റിയാസ് മൗലവി വധത്തിന് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. ഇതുപോലൊരു മാര്‍ച്ച് 20ന് പുലര്‍ച്ചേയാണ് പഴയ ചുരിയിലെ മദിറസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ പള്ളക്കകത്തു വെച്ചു ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികള്‍. പള്ളിയോടടുത്ത മുറിയില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിലുണ്ടെങ്കിലും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമായിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചുമത്താതെയാണ് കേസന്വേഷണം നടന്നത്. കാലങ്ങളായി കാസര്‍കോഡ് മേഖലയില്‍ നടക്കുന്ന കലാപ ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് വ്യക്തമായിട്ടും കേസന്വേഷണം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒതുങ്ങുകയായിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടെന്ന വാദം പോലിസ് മുഖവിലക്കെടുത്തില്ല. മദ്യലഹരിയിലുണ്ടായ കൊലപാതകമെന്നാണ് പോലിസ് വാദം.

ഐ.പി.സി 302 (കൊലപാതകം), 153അ (മതസൗഹാര്‍ദം തകര്‍ക്കാന്‍ വര്‍ഗീയ കലാപമുണ്ടാക്കല്‍), 295 (കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് മതസ്ഥാപനങ്ങളിലേക്ക് അതിക്രമിച്ചുകടക്കല്‍), 34 (അക്രമിക്കാന്‍ സംഘടിക്കല്‍), 201 (തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവെക്കല്‍) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. പള്ളിയോട് അനുബന്ധിച്ചുള്ള രണ്ട് മുറിയില്‍ ഒരു മുറിയിലാണ് റിയാസ് മൗലവി കിടന്നിരുന്നത്. മൗലവിയുടെ മുറിയിലേക്ക് ഇടിച്ചുകയറിച്ചെന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടന്നയാളെ പള്ളിക്കകത്ത് അധിക്രമിച്ച് കയറി വെട്ടി കൊലപ്പെടുത്തിയത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കേസില്‍ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ജില്ല സെഷന്‍സ് കോടതി തള്ളി.

ആര്‍എസ്എസ്സിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസും എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിച്ചതെന്ന് പരക്കേ ആക്ഷേപം ഉയര്‍ന്നിട്ടും നിലപാട് തിരുത്താന്‍ പോലിസ് തയ്യാറായില്ല. കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കാത്തത് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പോപുലര്‍ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ ആരോപിച്ചു.

റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനയും സംഘപരിവാര്‍ നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ഫ്രണ്ട് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസും സര്‍ക്കാരും സ്വീകരിച്ചത്. കാസര്‍കോഡ് മേഖലയില്‍ തുടര്‍ന്നും ആര്‍എസ്എസ് വര്‍ഗീയ കലാപ നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതായിരുന്നു പോലിസിന്റെ നടപടി. കഴിഞ്ഞ സംഘപരിവാര്‍ ഹര്‍ത്താലിനിടെ സമാനമായ ആക്രമണം അരങ്ങേറി. കാസര്‍കോട് ബായാര്‍ കരീം മൗലവിക്കെതിരേ യാതൊരു പ്രകോപനവുമില്ലാതെയാണ് ആര്‍എസ്എസ്സുകാര്‍ ആക്രമണം അഴിച്ചു വിട്ടത്. റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍ കൊലക്കേസുകളില്‍ അന്വേഷണം ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ മാത്രം ഒതുങ്ങിയതാണ് ഇത്തരം വര്‍ഗീയ കലാപ നീക്കങ്ങള്‍ തുടര്‍ക്കഥയാകാന്‍ ഇടയാക്കുന്നത്.

Tags:    

Similar News