അഴിമതി വിചാരണകളില്‍ നിന്ന് രക്ഷനേടാന്‍ കൊറോണക്കാലത്തെ ദുരുപയോഗം ചെയ്യുന്നു; 2000 പേർ നെതന്യാഹുവിനെതിരേ തെരുവിൽ

മാസ്‌ക് ധരിച്ചും ആറടി അകലം പാലിച്ചുമാണ് പ്രതിഷേധക്കാരെല്ലാവരും ഞാറാഴ്ച ടെല്‍ അവീവില്‍ സംഗമിച്ചത്.

Update: 2020-04-20 09:42 GMT

ടെൽ അവീവ്: കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ പാസാക്കിയ ജനാധിപത്യ വിരുദ്ധ നടപടികളിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നയങ്ങളിലും പ്രതിഷേധിച്ച് രണ്ടായിരത്തോളം ആളുകൾ ഞായറാഴ്ച ടെൽ അവീവിലെ റാബിൻ സ്ക്വയറിൽ തടിച്ചുകൂടി. സാമൂഹിക അകലം പാലിച്ച്, അച്ചടക്കത്തോടെ നടത്തിയ പ്രതിഷേധം ലോകവ്യാപക ശ്രദ്ധ പിടിച്ചു പറ്റി.


അഴിമതി വിചാരണകളില്‍ നിന്ന് രക്ഷനേടാന്‍ കൊറോണക്കാലത്തെ നെതന്യാഹു ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. രണ്ടായിരത്തിലേറെ പേര്‍ ഇസ്രായേലില്‍ പ്രതിഷേധ പ്രകടനം നടത്തി. മാസ്‌ക് ധരിച്ചും ആറടി അകലം പാലിച്ചുമാണ് പ്രതിഷേധക്കാരെല്ലാവരും ഞാറാഴ്ച ടെല്‍ അവീവില്‍ സംഗമിച്ചത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ മറവിൽ ജനാധിപത്യ വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് കാറുകൾ അണിനിരത്തി ജറുസലേമിൽ വാഹന റാലി സംഘടിപ്പിച്ചു. ഇസ്രായേലിലെ സുരക്ഷാ സേനയായ ഷിൻ ബെറ്റിന് പൗരൻമാരുടെ ഫോൺ ചോർത്താൻ അംഗീകാരം നൽകിയതുൾപ്പെടെ നിരവധി ജനവിരുദ്ധ നടപടികൾക്കെതിരേയാണ് പ്രതിഷേധം ഉയർന്നത്. ഇസ്രായേലിലെ ഇടത് സംഘടനകളും പ്രതിഷേധത്തിൽ പങ്കാളികളായിട്ടുണ്ട്.


പ്രതിഷേധക്കാരില്‍ പലരും കരിങ്കൊടിയേന്തിയിരുന്നു. തന്റെ ബദ്ധശത്രുവായ ബെന്നി ഗാന്റസിനെ കൂട്ടുപിടിച്ചുള്ള നെതന്യാഹുവിന്റെ പുതിയ രാഷ്ട്രീയനീക്കവും വലിയ പ്രതിഷേധത്തിനു കാരണമായി. കഴിഞ്ഞ ഒരു വര്‍ഷക്കാലം നെതന്യാഹുവിനൊപ്പം കൂട്ടു കക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കില്ലെന്നു പറഞ്ഞ ബെന്നി ഗാന്റ്‌സ് കൊറോണയുടെ പശ്ചാത്തലത്തില്‍ അടിയന്തിര സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ഇത് ഗാന്റ്‌സിന്റെ അനുയായികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചിരുന്നു.


"നിങ്ങള്‍ക്ക് അഴിമതിയില്‍ നിന്ന് കൊണ്ട് അഴിമതിക്കെതിരേ പോരാടാനാവില്ല. നിങ്ങള്‍ അതിനുള്ളിലാണെങ്കില്‍ നിങ്ങളും അഴിമതിയുടെയും ഭാഗമാണ്." ഗാന്റ്‌സിന്റെ രാഷ്ട്രീയ സഹയാത്രികനായ യേര്‍ ലാപിഡ് പറയുന്നു. അഴിമതി, തട്ടിപ്പ് എന്നിവ നടത്തിയതിന് നിലവില്‍ കുറ്റം ചുമത്തപ്പെട്ടയാളാണ് നെതന്യാഹു. തന്റെ സുദീര്‍ഘ ഭരണം ഉറപ്പു വരുത്താനും ചുമത്തപ്പെട്ട കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാനുമാണ്‌ കൊറോണ കാലത്തെ നെതന്യാഹു ദുരുപയോഗപ്പെടുത്തുന്നതെന്ന ആരോപണം ഉന്നയിച്ചായിരുന്നു രണ്ടായിരത്തിലേറെ പേര്‍ ഞായറാഴ്ച തെരുവിലിറങ്ങിയത് ലോകമെമ്പാടും ചർച്ചയായിരിക്കുകയാണ്.

Tags:    

Similar News