സിഎന്‍ജി ഓട്ടോ ബസ്സിലിടിച്ച് മറിഞ്ഞ് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

Update: 2023-10-13 16:39 GMT

കണ്ണൂര്‍: കണ്ണൂരിലെ കൂത്തുപറമ്പില്‍ സിഎന്‍ജി ഓട്ടോ ബസ്സിലിടിച്ച് മറിഞ്ഞ് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. ഓട്ടോ ഡ്രൈവര്‍ പാനൂരിനടുത്ത് പാറാട്ട് ടൗണിന് സമീപം കൊളവല്ലൂരിലെ അഭിലാഷ്, യാത്രക്കാരനായ ഷിജിന്‍ എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പ് കോട്ടയം ആറാം മൈലില്‍ മൈതാനപ്പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. തലശ്ശേരി-കൂത്തുപറമ്പ് കെഎസ്ടിപി റോഡിലാണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന എം 4 സിക്‌സ് കെഎല്‍ 58 എസി 3112 ബസും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 58 എജി 4784 സിഎന്‍ജി ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ സിഎന്‍ജി ഓട്ടോ തല്‍ക്ഷണം തീപ്പിടിച്ച് കത്തിയമര്‍ന്നു. ഓട്ടോയില്‍ നിന്ന് തീയുയര്‍ന്നതോടെ സമീപത്തെ കടയിലുള്ളവരും ഓടിരക്ഷപ്പെട്ടു. കടയിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചേക്കുമെന്ന ഭീതിയിലാണ് അവിടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടത്. വിവരമറിഞ്ഞ് കൂത്തുപറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തിയാണ് തീയണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: