ഡല്‍ഹിയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19

നഴ്‌സുമാര്‍ സുരക്ഷാ ഉപകരണങ്ങള്‍ ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ നല്‍കിയില്ലെന്നാണ് അംബികയുടെ സഹപ്രവര്‍ത്തക വെളിപ്പെടുത്തിയത്. നഴ്‌സുമാര്‍ക്ക് ഉപയോഗിച്ച പിപിഇ കിറ്റുകളാണ് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

Update: 2020-05-28 02:24 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കല്‍റ ആശുപത്രിയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ജോലിയ ചെയ്തിരുന്ന നഴ്‌സായ അംബിക കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

നഴ്‌സുമാര്‍ സുരക്ഷാ ഉപകരണങ്ങള്‍ ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ നല്‍കിയില്ലെന്നാണ് അംബികയുടെ സഹപ്രവര്‍ത്തക വെളിപ്പെടുത്തിയത്. നഴ്‌സുമാര്‍ക്ക് ഉപയോഗിച്ച പിപിഇ കിറ്റുകളാണ് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

മാസ്‌ക് ചോദിച്ചപ്പോള്‍ തുണികൊണ്ട് മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടു. കുറഞ്ഞ എണ്ണം സ്റ്റാഫിനെ കൊണ്ട് കൂടുതല്‍ രോഗികളെ നോക്കാന്‍ ആവശ്യപ്പെട്ടു. രോഗികള്‍ക്ക് കൊവിഡ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ തയ്യാറായില്ല. പല രോഗികളും കൊവിഡ് ലക്ഷണങ്ങളോടെയാണ് എത്തിയിരുന്നത്. എത്രയൊക്കെ പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ല. അംബികയ്ക്ക് പിപിഇ കിറ്റുകള്‍ ആവശ്യപ്പെട്ട് വഴക്ക് ഉണ്ടാക്കേണ്ടി വന്നെന്നും സഹപ്രവര്‍ത്തക പറഞ്ഞിരുന്നു.

അംബികയുടെ ചികിത്സക്കായി കല്‍റ ആശുപത്രി വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു. ചികിത്സ നടത്തിയ സഫ്ദര്‍ദംഗ് ആശുപത്രിയിലും വേണ്ട സൗകര്യങ്ങള്‍ കിട്ടിയില്ലെന്നും അംബികയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. സുരക്ഷ ഉപകരണങ്ങള്‍ ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നതുകൊണ്ടാണ് കൊവിഡ് ബാധയുണ്ടായത്. ആശുപത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അംബികയുടെ മകന്‍ അഖില്‍ പറഞ്ഞിരുന്നു. 

Tags:    

Similar News