ത്രിപുര: അറസ്റ്റിലായ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Update: 2021-11-15 12:30 GMT

അഗര്‍ത്തല: ത്രിപുര വംശീയാക്രമണം റിപോര്‍ട്ട് ചെയ്യാന്‍ എത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. എച്ച്ഡബ്ല്യു ന്യൂസ് നെറ്റ് വര്‍ക്കിലെ സമൃദ്ധി ശകുനിയ, സ്വര്‍ണ ഝാ എന്നിവര്‍ക്കാണ് ജമ്യം ലഭിച്ചത്. അസം-ത്രിപുര അതിര്‍ത്തിയായ കരിംഗഞ്ചില്‍ നിന്നാണ് അസം പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു, ക്രിമിനല്‍ ഗൂഢാലോചന എന്നതടക്കമുള്ള വകുപ്പുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയിരുന്നു. വിശ്വഹിന്ദു പരിഷത്ത് നല്‍കിയ പരാതിയില്‍ ത്രിപുര പോലിസാണ് കേസെടുത്തത്. ഇരുവരും ഡല്‍ഹിക്ക് തിരികെപ്പോകാനിരിക്കെയായിരുന്നു അറസ്റ്റ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ത്രിപുര ഗോമതി ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(സിജെഎം) ഇരുവരോടും ചൊവ്വാഴ്ച്ച രാവിലെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു.

ത്രിപുരയിലെ പാനിസാഗറില്‍ മുസ്‌ലിം പള്ളിയും കടകളും തകര്‍ത്ത സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരാണ് ഇരുവരും. 'ഇന്നലെ രാത്രി, ഏകദേശം 10:30ന്, പോലിസുകാര്‍ ഞങ്ങളുടെ ഹോട്ടലിന് പുറത്ത് വന്നിരുന്നു, പക്ഷേ അവര്‍ ഞങ്ങളോട് സംസാരിച്ചില്ല. ഏകദേശം 5:30 ന് ഞങ്ങള്‍ ചെക്ക്ഔട്ട് ചെയ്യാന്‍ പോകുമ്പോള്‍, ഞങ്ങള്‍ക്കെതിരായ പരാതിയെക്കുറിച്ചും ചോദ്യം ചെയ്യലിനായി ധര്‍മ്മനഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചും ഞങ്ങളോട് പറഞ്ഞു.' ഹിന്ദിയില്‍ കുറിച്ച ഒരു ട്വീറ്റില്‍ ഝാ എഴുതി. എഫ്‌ഐആറിന്റെ പകര്‍പ്പും അവര്‍ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.

സമൃദ്ധി ശകുനിയ ചെയ്ത ട്വീറ്റാണ് ത്രിപുര അറസ്റ്റിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ത്രിപുരയില്‍ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ കത്തിച്ചിരുന്നു. ആ സ്ഥലം സന്ദര്‍ശിച്ചശേഷം ശകുനിയ ചെയ്ത ഒരു ട്വീറ്റിനെതിരേയായിരുന്നു പരാതി. മതപരമായ ഒരു ഗ്രന്ഥവും കത്തിച്ചിട്ടില്ലെന്നാണ് ത്രിപുര പോലിസ് അവകാശപ്പെടുന്നത്.

അഭിഭാഷകരെത്തുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലിസ് അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല ആദ്യം അറസ്റ്റ് ചെയ്യാനാവശ്യമായ രേഖകളും നല്‍കിയില്ല. പോലിസ് തങ്ങളെ ഭീഷണിപ്പെടുത്തിയതായി ഇരുവരും പറഞ്ഞു.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇരുവര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ സമയത്ത് ഹിന്ദു വിഭാഗങ്ങള്‍ക്കെതിരേ നടന്ന ആക്രമണത്തിന്റെ മറവിലാണ് ഹിന്ദുത്വ സംഘടനകള്‍ ത്രിപുരയില്‍ ആക്രമണം സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളം നിരവധി മുസ് ലിം പള്ളികളും സ്ഥാപനങ്ങളും വീടുകളും ആക്രമിക്കപ്പെട്ടു. പൊതുവെ ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടില്ല. ഇത്തരം ഒരു സംഭവം നടന്നത് ത്രിപുര സര്‍ക്കാരും നിഷേധിച്ചു.

Tags: