രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി നടിയെ പീഡിപ്പിച്ച് കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍ (21), രാമപുരം സ്വദേശി കണ്ണദാസന്‍ (37) എന്നിവരാണ് അറസ്റ്റിലായത്.

Update: 2022-03-11 05:55 GMT

ചെന്നൈ: രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി നടിയെ പീഡിപ്പിക്കുകയും പണവും സ്വര്‍ണവും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍ (21), രാമപുരം സ്വദേശി കണ്ണദാസന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. വല്‍സരവാക്കത്ത് തനിച്ചുതാമസിക്കുന്ന 38കാരിയായ നടിക്കു നേരെയാണ് അതിക്രമമുണ്ടായത്.

ഒട്ടേറെസിനിമകളില്‍ സഹനടിയായി അഭിനയിച്ച ഇവരുടെ വീട്ടില്‍ വനിതാദിനത്തില്‍ രാത്രിപത്തരയോടെയാണ് രണ്ടുപേര്‍ അതിക്രമിച്ചുകയറിയത്. കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 50,000 രൂപയും ഒന്നരപ്പവന്റെ സ്വര്‍ണമാലയും കവര്‍ന്നസംഘം നടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് നടി വല്‍സരവാക്കം പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഇവര്‍ക്കെതിരേ അഞ്ചോളം വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലിസ് അറയിച്ചു. ഇവരില്‍നിന്ന് സ്വര്‍ണവും മൂന്ന് ഫോണും രണ്ട് ഇരുചക്രവാഹനങ്ങളും പോലിസ് പിടിച്ചെടുത്തു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News