മതപാഠശാലയെക്കുറിച്ച് മോശം പരാമര്‍ശം; തുര്‍ക്കി പോപ് ഗായിക അറസ്റ്റില്‍

'ആളുകളെ വിദ്വേഷത്തിലേക്കും ശത്രുതയിലേക്കും പ്രേരിപ്പിക്കുന്നു' എന്ന കുറ്റം ചുമത്തി ഇസ്താംബുള്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിലില്‍ ഒരു സംഗീത നിശയ്ക്കിടെ ഒരു വ്യക്തിയോട് ഗുല്‍സന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

Update: 2022-08-27 14:20 GMT

ആങ്കറ: പൊതുവേദിയില്‍വച്ച് മതപാഠശാലകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പ്രമുഖ തുര്‍ക്കി പോപ് ഗായിക ഗുല്‍സന്‍ കൊലഗോഗ്ലുവ് അറസ്റ്റില്‍. 'ആളുകളെ വിദ്വേഷത്തിലേക്കും ശത്രുതയിലേക്കും പ്രേരിപ്പിക്കുന്നു' എന്ന കുറ്റം ചുമത്തി ഇസ്താംബുള്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിലില്‍ ഒരു സംഗീത നിശയ്ക്കിടെ ഒരു വ്യക്തിയോട് ഗുല്‍സന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

ഇമാം ഹാത്തിപ് സ്‌കൂളില്‍ പഠിച്ചു വളര്‍ന്നതാണ് അയാളുടെ 'തലതിരിഞ്ഞ പെരുമാറ്റ'ത്തിന് കാരണമെന്നായിരുന്നു ഗുല്‍സന്റെ പ്രതികരണം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 46 കാരിയായ ഗുല്‍സനെ ഇസ്താംബൂളിലെ വീട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

വിവാദമായതോടെ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ക്ഷമാപണം നടത്തിയിരുന്നു. 'താന്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത തന്റെ സഹപ്രവര്‍ത്തകരുമായി പങ്കുവെച്ച ഒരു തമാശ സമൂഹത്തെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിടുന്നവര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.തന്റെ വാക്കുകള്‍ നമ്മുടെ രാജ്യത്തെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിടുന്ന ദ്രോഹികളായ ആളുകള്‍ക്കുള്ള ഉപകരണം നല്‍കിയതില്‍ ഞാന്‍ ഖേദിക്കുന്നു' എന്നായിരുന്നു അവരുടെ പോസ്റ്റ്.

Tags:    

Similar News