കരിങ്കടലില്‍ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി തുര്‍ക്കി

2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും കരിങ്കടലില്‍ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രത്യാശ പങ്കുവെച്ചു.

Update: 2020-08-21 18:55 GMT

അങ്കാറ: കരിങ്കടലില്‍ വന്‍ പ്രകൃതിവാതക ശേഖരമുള്ളതായി തുര്‍ക്കിയുടെ കണ്ടെത്തല്‍. 320 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകമാണ് കണ്ടെത്തിയതെന്ന് തുര്‍ക്കി അവകാശപ്പെട്ടു.

2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും കരിങ്കടലില്‍ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രത്യാശ പങ്കുവെച്ചു.

'ഈ ശേഖരം വലിയ ഊര്‍ജ്ജ ഉറവിടത്തിന്റെ ഒരു ഭാഗം മാത്രമാണ്. ദൈവം നിശ്ചിയിച്ചാല്‍, കൂടുതല്‍ ലഭ്യമാവും'. ഉറുദുഗാന്‍ പറഞ്ഞു.

കണ്ടെത്തിയ വാതക ശേഖരത്തെ വാണിജ്യ ആവശ്യങ്ങള്‍ക്കായി വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചാല്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ തുര്‍ക്കിയെ സഹായിക്കും. കണ്ടെത്തിയ പ്രകൃതി വാതകം രാജ്യത്തെ പ്രാദേശിക ഊര്‍ജ്ജ കേന്ദ്രമാക്കി മാറ്റുകയും സാമ്പത്തിക സ്രോതസായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും തുര്‍ക്കി അധികൃതര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, ഗ്യാസ് വാണിജ്യ ആവശ്യത്തിന് ഉപയോഗ്യമാവണമെങ്കില്‍ പതിറ്റാണ്ടുകള്‍ എടുക്കുമെന്നും വലിയ നിക്ഷേപം ആവശ്യമാണെന്നും ഊര്‍ജ്ജ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News