വെടിനിര്‍ത്തല്‍ ലംഘനം: അര്‍മേനിയക്കെതിരേ മുന്നറിയിപ്പുമായി തുര്‍ക്കി

റഷ്യന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തലിന് ധാരണയായത്.

Update: 2020-11-13 04:20 GMT

ആങ്കറ: ഒന്നരമാസം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ച് അസര്‍ബൈജാനും അര്‍മേനിയയും ഒപ്പിട്ട വെടിനിര്‍ത്തല്‍ ധാരണലംഘിച്ചാല്‍ അര്‍മേനിയ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി. റഷ്യന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തലിന് ധാരണയായത്. എന്നാല്‍, ധാരണ ലംഘിച്ച് അര്‍മേനിയ ആക്രമണം തുടരുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് മുന്നറിയിപ്പുമായി തുര്‍ക്കി മുന്നോട്ട് വന്നത്.

'അവര്‍ (അര്‍മേനിയ) വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെങ്കില്‍, അതിനുള്ള വില അവര്‍ നല്‍കേണ്ടിവരും'തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്ലു വ്യാഴാഴ്ച അസരി തലസ്ഥാനമായ ബാക്കുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റഷ്യന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ ധാരണയായത്. തര്‍ക്കപ്രദേശത്തു നിന്ന് പിന്‍മാറാമെന്ന് അര്‍മേനിയ സമ്മതിച്ചിരുന്നു. കരാറിനു പിന്നാലെ ദേശീയ വാദികള്‍ അര്‍മേനിയന്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറുകയും സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തിരുന്നു.

നഗോര്‍ണോ കരബാക്ക് എന്ന ചെറു പ്രദേശത്തെച്ചൊല്ലിയുള്ള അസര്‍ബൈജാന്‍- അര്‍മേനിയ പോരിന് നാലു ദശാബ്ധത്തിലേറെ പഴക്കമുണ്ട്. അസര്‍ബൈജാന്റെ ഭാഗമായ ഈ പ്രദേശത്ത് അര്‍മേനിയന്‍ വംശജരാണ് ഭൂരിപക്ഷം. 1990കളില്‍ നടന്ന പോരാട്ടത്തിനൊടുവില്‍ 1994ല്‍ അമേര്‍മേനിയന്‍ സര്‍ക്കാരിന്റെ പിന്തണയുള്ള ഭരണകൂടം മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കുകയായിരുന്നു.

പുതിയ ധാരണ പ്രകാരം നഗാര്‍ണോ കരബാക് അസര്‍ബൈജാന്റെ ഭാഗമായി തുടരും. അര്‍മേനിയന്‍ പട്ടാളം പൂര്‍ണമായും മേഖലയില്‍ നിന്ന് പിന്‍മാറും. നാഗൊര്‍നോ-കറാബാക്കില്‍ സമാധാനത്തിന് മേല്‍നോട്ടം വഹിക്കാന്‍ തുര്‍ക്കിയും റഷ്യയും സംയുക്തമായി ഒരു കേന്ദ്രം ആരംഭിക്കും.സംയുക്ത കേന്ദ്രം എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി റഷ്യന്‍ പ്രതിനിധി സംഘം വെള്ളിയാഴ്ച തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങുന്നതായി കാവുസോഗ്ലു പറഞ്ഞു. ആളില്ലാ സായുധ ഡ്രോണുകള്‍ ഈ മേഖലയില്‍ നിരീക്ഷണ ദൗത്യങ്ങള്‍ നടത്തും.

സമാധാന സേനാംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ റഷ്യ രണ്ടായിരത്തോളം സൈനികരെ ഈ പ്രദേശത്തേക്ക് അയയ്ക്കുന്നുണ്ട്.

Tags:    

Similar News