തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്; ബിന്ദു അമ്മിണിയും സംഘത്തില്‍

കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.

Update: 2019-11-26 01:41 GMT

കൊച്ചി: ശബരിമലയിലേക്ക് പോകാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം കോട്ടയം റൂട്ടില്‍ യാത്ര തിരിച്ചു. ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.

പമ്പയില്‍ തൃപ്തിയേ തടഞ്ഞാല്‍ അത് കോടതി അലക്ഷ്യമായി കണക്കാക്കും. അതിനാല്‍ തന്നെ സര്‍ക്കാരിന്റെയും പോലിസിന്റെയും നിലപാട് നിര്‍ണായകമാണ്. അതേ സമയം കോടതി വിധിക്ക് പിന്നാലെ തന്നെ താന്‍ ശബരിമല പ്രവേശനം നടത്തുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നൂ.താന്‍ കോടതി ഉത്തരവും ആയിട്ടാണ് എത്തിയിരിക്കുന്നത് എന്ന് തൃപ്തി പറഞ്ഞു. കേരള സര്‍കാര്‍ കാണിക്കുന്നത് ശരി അല്ലെന്നും 12 വയസുള്ള കുട്ടിയെ പമ്പയില്‍ തടഞ്ഞത് ന്യായീകരിക്കാന്‍ ആവില്ലെന്നും അവര്‍ പറഞ്ഞു.

പുലര്‍ച്ചെ 5.30ഓടെ വിമാനത്താവളത്തിലെത്തിയ തൃപ്തിയെ കാത്ത് ബിന്ദു വിമാനത്താവളത്തിലുണ്ടായിരുന്നു. നെടുമ്പാശ്ശേരി പോലിസ് സ്‌റ്റേഷനിലേക്ക് പോയ സംഘം, സുരക്ഷ ആവശ്യപ്പെട്ടു. എന്നാല്‍ എസ്പി ഓഫിസുമായി ബന്ധപ്പെടാനാണ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. പിന്നീട് കോട്ടയം റൂട്ടില്‍ ഇവര്‍ യാത്ര തിരിച്ചു എന്നാണ് വിവരം.യുവതീപ്രവേശനം സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും മല കയറാനെത്തുമെന്നും നേരത്തെ തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മണ്ഡലകാത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തിയെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് തിരിച്ചുപോവുകയായിരുന്നു.നിലവില്‍ പമ്പയിലെത്തുന്ന യുവതികളെ മല ചവിട്ടാന്‍ പോലിസ് അനുവദിക്കുന്നില്ല. എത്തുന്ന യുവതികളെ പമ്പയില്‍വെച്ച് തടഞ്ഞ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി തിരികെ അയക്കുകയാണ് ചെയ്യുന്നത്.




Tags:    

Similar News