'കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ തെറ്റുകള്‍ ട്രംപ് ആവര്‍ത്തിക്കുന്നു'; വിമര്‍ശനവുമായി മുന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍
അമേരിക്കയുടെ വിദേശ നയങ്ങളില്‍ കഴിഞ്ഞ അര നൂറ്റാണ്ടിനിടേയുണ്ടായ തെറ്റുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുകയാണെന്ന് യുഎസിലെ മുന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍. എല്ലാ വിദേശ, ആഭ്യന്തര നയ തെറ്റുകളും ട്രംപ് ആവര്‍ത്തിക്കുകയാണ്. ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാതലത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.
'മുമ്പൊരിക്കലും ഇല്ലാത്തവിധം മാന്യതയില്ലായ്മ, അജ്ഞത, അഴിമതി' എന്നിവയോടെയാണ് ട്രംപ് അത് ചെയ്യുന്നതെന്ന് റിച്ചാര്‍ഡ് സ്റ്റെംഗല്‍ എക്സിലെ ഒരു പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചു.
രാഷ്ട്രീയ, വിദേശ നയ വിശകലന വിദഗ്ദ്ധനായ സ്റ്റെംഗല്‍, ഒബാമ ഭരണകാലത്ത് മുന്‍ അണ്ടര്‍ സെക്രട്ടറി ആയും ടൈം മാഗസിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ട്രംപിന് 'സത്യത്തോട് വിശ്വസ്തതയില്ല' എന്നും നയതന്ത്രം നടത്തുന്നതിനേക്കാള്‍ 'ഒറ്റയാള്‍ ചര്‍ച്ച നടത്തുന്ന' വ്യക്തിയായി പ്രവര്‍ത്തിക്കുകയാണെന്നും സ്റ്റെംഗല്‍ മുമ്പ് പറഞ്ഞിരുന്നു.