കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍; ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകുന്നു

കണ്ണൂര്‍ ആലക്കോട് സ്വദേശിനി ശാലുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനു സമീപത്തെ യുകെ ശങ്കുണ്ണി റോഡിനോടു ചേര്‍ന്ന ഇടവഴിയിലായിരുന്നു മൃതദേഹം.

Update: 2019-04-01 11:01 GMT

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന യുവതിയെ നഗരമധ്യത്തിലെ ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആലക്കോട് സ്വദേശിനി ശാലുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനു സമീപത്തെ യുകെ ശങ്കുണ്ണി റോഡിനോടു ചേര്‍ന്ന ഇടവഴിയിലായിരുന്നു മൃതദേഹം.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലമാണിത്. തിങ്കളാഴ്ച രാവിലെ പ്രദേശവാസികളില്‍ ചിലരാണ് പോലിസില്‍ വിവരമറിയിച്ചത്. യുവതിയുടെ കഴുത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകളുണ്ട്. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഫോറന്‍സിക് ഉദ്യോഗസ്ഥരെത്തിയ ശേഷം മാത്രമേ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കാനാവൂ എന്നാണ് പോലിസിന്റെ വിശദീകരണം.

കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ ഒത്തുകൂടുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് മാവൂര്‍റോഡ്. ബസ് സ്റ്റാന്‍ഡ് പരിസരമായതിനാല്‍ പുലര്‍ച്ചെ വരെ പ്രവര്‍ത്തിക്കുന്ന നിരവധി കടകള്‍ ഇവിടെയുണ്ട്. രാത്രികാലങ്ങളില്‍ പട്രോളിങ് ഉള്‍പ്പെടെ പോലിസിന്റെ സ്ഥിരസാന്നിധ്യവും ഈ ഭാഗത്തുണ്ടാകാറുണ്ട്. ഇതിനിടയിലും ഇത്തരമൊരു സംഭവമുണ്ടായത് പ്രദേശവാസികളെയും വ്യാപാരികളെയും ഞെട്ടിച്ചിരിക്കയാണ്. സംഭവത്തില്‍ പ്രതിഷേധ പ്രതികരണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും രംഗത്തുവന്നിട്ടുണ്ട്.

Tags:    

Similar News