ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

Update: 2020-02-24 01:28 GMT

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തകരാറിലായ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. തീരദേശപാത ഇരട്ടിപ്പിക്കലിനായുള്ള മെറ്റല്‍ കയറ്റിയ ഗുഡ്‌സ് ട്രെയിനാണ് അമ്പലപ്പുഴ സ്‌റ്റേഷനു സമീപം ഞായറാഴ്ച ഉച്ചയോടെ പാളംതെറ്റിയത്. അമ്പലപ്പുഴ സ്‌റ്റേഷന്‍ പരിസരത്ത് ശേഖരിച്ചിട്ടുള്ള മെറ്റല്‍ കയറ്റി മുന്നോട്ടുനീങ്ങിയ വണ്ടി സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോം പിന്നിട്ടപ്പോള്‍ പാളംതെറ്റുകയായിരുന്നു. 11 ബോഗികളുള്ള തീവണ്ടിയുടെ എന്‍ജിനില്‍നിന്ന് അഞ്ചാമത്തെ ബോഗിയുടെ മുന്‍ഭാഗത്തെ രണ്ട് ചക്രങ്ങളാണ് പാളത്തില്‍നിന്ന് തെന്നിമാറിയത്. ഒന്നാമത്തെ പാളത്തിലാണ് വണ്ടി കിടന്നത്. തുടര്‍ന്ന് റെയില്‍വേ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരും എന്‍ജിനീയറിങ് വിഭാഗവുമെത്തി. സ്‌റ്റേഷനിലെ ബാക്കിയുള്ള പാളങ്ങളിലൂടെ വണ്ടി കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും സിഗ്‌നല്‍ തകരാറിലായത് തടസ്സമുണ്ടാക്കി. വൈകീട്ട് 4.35നാണ് വണ്ടികള്‍ വിട്ടുതുടങ്ങിയത്. 3.48ന് അമ്പലപ്പുഴയിലെത്തിയ മെമുവാണ് 4.35ന് ആദ്യം കടത്തിവിട്ടത്. നേത്രാവതി അഞ്ചരയ്ക്കുശേഷമാണ് അമ്പലപ്പുഴ സ്‌റ്റേഷന്‍ കടന്നുപോയി.

    രാത്രി ഏഴോടെ എറണാകുളത്തു നിന്നെത്തിച്ച റീറെയിലിങ് ഉപകരണത്തിന്റെ സഹായത്താല്‍ വണ്ടി ഉയര്‍ത്തി തെന്നിമാറിയ ചക്രം പാളത്തിലേയ്ക്ക് കയറ്റി. ആറുമണിയോടെയാണ് തീരദേശപാതയില്‍ തീവണ്ടിഗതാഗതം സാധാരണനിലയിലായത്.




Tags:    

Similar News