ഫെബ്രുവരി 21ന് രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് പ്രമുഖ സന്യാസി

പ്രയാഗ് രാജിലെ കുംഭില്‍ രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് ആര്‍എസ്എസും വിഎച്ച്പിയും രണ്ട് ദിവസം നീളുന്ന ധര്‍മ സന്‍സദ് ചേരാനിരിക്കേയാണ് സ്വരൂപാനന്ദ് സരസ്വതിയുടെ പ്രഖ്യാപനം.

Update: 2019-01-30 18:00 GMT

ലഖ്‌നോ: ഫെബ്രുവരി 21ന് അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള തറക്കല്ലിടുമെന്ന് ദ്വാരകപീഠ് ശങ്കരാചാര്യ സ്വമി സ്വരൂപാനന്ദ് സരസ്വതി. പ്രയാഗ് രാജിലെ കുംഭില്‍ രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് ആര്‍എസ്എസും വിഎച്ച്പിയും രണ്ട് ദിവസം നീളുന്ന ധര്‍മ സന്‍സദ് ചേരാനിരിക്കേയാണ് സ്വരൂപാനന്ദ് സരസ്വതിയുടെ പ്രഖ്യാപനം.

തങ്ങള്‍ ഏതെങ്കിലും കോടതി വിധി ലംഘിക്കുകയല്ല. അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കുന്നതുവരെ അതിന് സാധുതയുണ്ടെന്നും സരസ്വതി എഎന്‍ഐയോട് പറഞ്ഞു.

അതേ സമയം, സരസ്വതിയുടെ പ്രസ്താവന വ്യക്തിപരമാണെന്നായിരുന്നു വിഎച്ച്പിയുടെ പ്രതികരണം. രാമക്ഷേത്രത്തിന് തറക്കല്ല് നേരത്തേ ഇട്ടതാണെന്നും ഇനി നിര്‍മാണമാണ് വേണ്ടതെന്നും വിഎച്ച്പി വക്താവ് ശാരദ് ശര്‍മ പറഞ്ഞു. സരസ്വതി ധര്‍മ സന്‍സദില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു വിഎച്ച്പിയുടെ മറുപടി.

രാമക്ഷേത്ര വിഷയത്തില്‍ കടുത്ത നിലപാടുകാരനാണ് സരസ്വതി. വാരണാസിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സന്യാസിമാരുടെ യോഗത്തിന് ശേഷം, പാര്‍ലമെന്റ് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും രാമജന്മഭൂമി വിഷയം ദേശീയ പ്രധാന്യമുള്ള വിഷയമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതിക്കു ശേഷം നാലാഴ്ചയ്ക്കകം സുപ്രിംകോടതി വിധി പ്രഖ്യാപിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ ഇടക്കാല സ്റ്റേ ഉത്തരവ് അസാധുവാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.  

Tags:    

Similar News