പുല്‍വാമ ആക്രമണല്ല; ടോം വടക്കനെ ബിജെപിയിലെത്തിച്ചത് സീറ്റ് മോഹം

പുല്‍വാമ ആക്രമണവും അത് സംബന്ധിച്ചുള്ള കോണ്‍ഗ്രസ്സ് പ്രതികരണവും വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടോം വടക്കന്‍ സീറ്റിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍ ദിനത്തില്‍ തൃശൂരിലെ സീനിയര്‍ കോണ്‍ഗ്രസ്സ് നേതാക്കളേയും സഭാ മേധാവികളേയും ടോം വടക്കന്‍ സന്ദര്‍ശിച്ചിരുന്നു.

Update: 2019-03-14 15:28 GMT

കോഴിക്കോട്: പുല്‍വാമ ആക്രമണത്തിലെ പാര്‍ട്ടി നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്റെ അവകാശ വാദം തെറ്റാണെന്ന് തെളിയുന്നു. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ തൊട്ടു മുമ്പുള്ള ദിവസം. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നാണ് തൃശൂരില്‍ നിന്നുള്ള വാര്‍ത്തകള്‍.

തൃശൂര്‍ സീറ്റിനായി ദിവസങ്ങളായി നടക്കുന്ന ശ്രമങ്ങള്‍ ഫലം കാണില്ലെന്ന് ഇന്നലേയാണ് ഉറപ്പായത്. നാളെ കോണ്‍ഗ്രസ്സ് സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വരുന്ന സാഹചര്യത്തിലാണ് ടോം വടക്കന്‍ തിരക്കുപിടിച്ച് ഇന്നു തന്നെ ബിജെപിയില്‍ ചേരുന്നത് പ്രഖ്യാപിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസ് വിടുന്നതെന്നാണ് ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്ത് നടക്കുന്ന വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബവാഴ്ചയാണ് നിലവിലുള്ളതെന്ന വിമര്‍ശനവും ടോം വടക്കന്‍ ഉന്നയിച്ചു.

എന്നാല്‍, പുല്‍വാമ ആക്രമണവും അത് സംബന്ധിച്ചുള്ള കോണ്‍ഗ്രസ്സ് പ്രതികരണവും വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടോം വടക്കന്‍ സീറ്റിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി തൃശൂര്‍ കേന്ദ്രീകരിച്ച് സീറ്റ് ലഭ്യമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു ടോം വടക്കന്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍ ദിനത്തില്‍ തൃശൂരിലെ സീനിയര്‍ കോണ്‍ഗ്രസ്സ് നേതാക്കളേയും സഭാ മേധാവികളേയും ടോം വടക്കന്‍ സന്ദര്‍ശിച്ചിരുന്നു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ കെ പി വിശ്വനാഥനേയും ടോം വടക്കന്‍ സന്ദര്‍ശിച്ചിരുന്നു. തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പിന്തുണക്കണമെന്നാവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനം. ഇക്കാര്യം കെ പി വിശ്വനാഥനും ഒരു ചാനലിന് നല്‍കിയ പ്രതികരണത്തില്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം, പുറത്ത് നിന്നുള്ള ആരേയും കെട്ടിയെഴുന്നള്ളിക്കാന്‍ തൃശൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് വിശ്വനാഥന്‍ പറഞ്ഞു. ഐ ഗ്രൂപ്പിനും ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. മലയാളം അറിയാത്ത ആളെന്നായിരുന്നു തൃശൂരില്‍ നിന്നുള്ള നേതാക്കളുടെ പ്രതികരണം.

തന്നെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കൃസ്ത്യന്‍ മത മേലധ്യക്ഷരേയും ടോം വടക്കന്‍ സന്ദര്‍ശിച്ചിരുന്നു. തൃശൂരില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാളെ തന്നെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയാക്കണമെന്നാണ് സഭയുടെ ആവശ്യം. ടോം വടക്കന്‍, പി സി ചാക്കോ എന്നിവരുടെ പേരുകള്‍ സഭയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ ആവശ്യമുന്നയിച്ച് ബുധനാഴ്ച്ച തൃശൂരിലെത്തിയ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ സഭാ മേധാവികള്‍ സന്ദര്‍ശിച്ചിരുന്നു. തങ്ങളുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധിയുമായി പങ്കുവച്ചെന്ന് സഭാ മേധാവികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സഭയുമായി ചേര്‍ന്ന് നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ടോം വടക്കന്‍ ഇന്ന് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.

Tags:    

Similar News