മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണം: ടിഎന്‍ പ്രതാപന്‍ എംപി

കലാലയങ്ങള്‍ വംശീയതക്കും, ഇസ്ലാമോഫോബിയക്കും കീഴ്‌പെട്ടിരിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ കാര്യമായി പരിഗണിക്കപ്പെടണം.

Update: 2019-11-21 07:31 GMT

ന്യൂഡല്‍ഹി: മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി. രാജ്യത്തെ ഒട്ടുമിക്ക ഉന്നത കലാലയങ്ങളിലും വിവിധ പ്രശ്‌നങ്ങളാല്‍ അസ്വസ്ഥത വളരുകയാണ്. ജെഎന്‍യു, ഐഐടി മദ്രാസ് വിഷയങ്ങള്‍ മുന്‍ നിര്‍ത്തി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അടിയന്തിരമായി വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കമ്മിറ്റി ചെയര്‍മാന്‍ സത്യനാരായണ്‍ ജാട്ടിയക്ക് കത്ത് നല്‍കി.

രാജ്യത്തിന്റെ പ്രതീക്ഷയായ മുഴുവന്‍ ഉന്നത കലാലയങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ മൂലം അതൃപ്തിയിലാണ്. അവരുടെ വികാരം മനസ്സിലാക്കേണ്ടത് വലിയ അനിവാര്യതയാണ്. വിദ്യാര്‍ഥി ക്ഷേമം ഉറപ്പുവരുത്താനാകാത്ത മാനേജ്‌മെന്റുകളുടെ നിലപാട് അറിയണം. മാനവ വിഭവശേഷി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയിലെ ഏക മലയാളി എംപി കൂടിയായ ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെടുന്നു.

ജെ എന്‍ യുവിലെ വിദ്യാര്‍ഥി സമരം ന്യായമാണ്. അവിടെ പഠിക്കുന്നവരില്‍ അധികവും പാവപ്പെട്ട , പിന്നാക്ക സാഹചര്യങ്ങളില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ പുതുക്കുന്ന ഹോസ്റ്റല്‍ മാനുവല്‍ സാമൂഹിക അസമത്വം വര്‍ധിപ്പിക്കുന്നതാണ്. ജെഎന്‍യു പോലെ രാഷ്ടനിര്‍മ്മാണത്തിന് ഒട്ടേറെ സംഭവനകള്‍ നല്‍കിയ ഒരു സ്ഥാപനം സാമ്പത്തികമായി പ്രിവിലേജുകളുള്ളവര്‍ക്ക് മാത്രമായി മാറുന്നത് അനുവദിക്കാനാവില്ല. വിദ്യാര്‍ഥികളുടെ സമാധാനപരമായ സമരത്തെ പോലിസും കേന്ദ്ര പോലിസ് സേനയും ക്രൂരമായി അടിച്ചമര്‍ത്തിയത് അന്വേഷിക്കണം.

രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ ഇപ്പോഴും സവര്‍ണ മേല്‍ക്കോയ്മ പ്രവര്‍ത്തിക്കുന്നു എന്നത് ഗൗരവത്തിലെടുക്കണം. ഐഐടി മദ്രാസിലെ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ ഞെട്ടിക്കുന്നതാണ്. ആ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറിപ്പില്‍ അവിടത്തെ മൂന്ന് അധ്യാപകരുടെ പേരുകളുണ്ട്. ഇതുവരെ ഐഐടി മദ്രാസ് മാനേജ്‌മെന്റ് അവര്‍ക്കെതിരെ യാതൊരു നടപടിയുമെടുത്തില്ല. കലാലയങ്ങള്‍ വംശീയതക്കും, ഇസ്ലാമോഫോബിയക്കും കീഴ്‌പെട്ടിരിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ കാര്യമായി പരിഗണിക്കപ്പെടണം.

ജെഎന്‍യു കൂടാതെ മറ്റു സര്‍വകലാശാലകളിലും പ്രശ്‌നമുണ്ട്. ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ ഹോസ്റ്റല്‍ പ്രവേശനം മുതല്‍ പല വിഷയങ്ങളിലും സുതാര്യത ഇല്ലെന്നത് ഒരു പൊതുപരാതിയാണ്. വിദ്യാര്‍ഥികള്‍ക്ക് യൂനിയന്‍ ഉണ്ടാക്കാനുള്ള അവകാശത്തെയും ഈ കേന്ദ്ര സര്‍വ്വകലാശാല നിരാകരിക്കുന്നു. അലിഗഢില്‍ യുപി സര്‍ക്കാര്‍ ഇടയ്ക്കിടെ പോലിസിനെ ക്യാംപസിലേക്ക് അയക്കുന്നു. ഇതൊന്നും അനുവദിച്ചുകൂടാ.

ജെഎന്‍യു, ഐഐടി മദ്രാസ് തുടങ്ങിയ ക്യാംപസുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ഉടന്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികളോട് സംസാരിച്ച് അവരുടെ വികാരം മനസ്സിലാക്കണമെന്നും ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. 

Tags: