തിക്രി അതിര്‍ത്തിയിലെ സമരകേന്ദ്രത്തിന് സമീപം മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

രാജ്ബീര്‍ എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തതെന്ന് പോലിസ് പറഞ്ഞു. ഇയാളില്‍നിന്നു ആത്മഹത്യാകുറിപ്പും പോലിസ് കണ്ടെടുത്തതായി ബഹദുര്‍ഗഡ് സിറ്റി പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിജയ് കുമാര്‍ പറഞ്ഞു

Update: 2021-03-08 05:56 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള 49 കാരനായ കര്‍ഷകനെ തിക്രി അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തി. 100 ദിവസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധരംഗത്തുള്ളത്.

രാജ്ബീര്‍ എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തതെന്ന് പോലിസ് പറഞ്ഞു. ഇയാളില്‍നിന്നു ആത്മഹത്യാകുറിപ്പും പോലിസ് കണ്ടെടുത്തതായി ബഹദുര്‍ഗഡ് സിറ്റി പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിജയ് കുമാര്‍ പറഞ്ഞു.കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നയാളാണ് തൂങ്ങിമരിച്ചതെന്നും പോലിസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ മൂന്നു വിവാദ കാര്‍ഷിക നിയമങ്ങളാണ് തന്റെ ആത്മഹത്യക്കു കാരണമെന്നും ഈ നിയമങ്ങള്‍ റദ്ദാക്കി കേന്ദ്രം തന്റെ അവസാന ആഗ്രഹം നിറവേറ്റണമെന്നുമാണ് ആത്മഹത്യാകുറിപ്പിലുള്ളത്. നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ആത്മഹത്യ ചെയ്യുന്ന ആദ്യത്തെ ആളല്ല രാജ്ബീര്‍. കഴിഞ്ഞ മാസം ഹരിയാനയിലെ ജിന്ദില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ തിക്രി പ്രതിഷേധ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ആത്മഹത്യ ചെയ്തിരുന്നു.നേരത്തെ മറ്റൊരു ഹരിയാന കര്‍ഷകന്‍ തിക്രി അതിര്‍ത്തിയില്‍ വിഷം കഴിക്കുകയും പിന്നീട് ഡല്‍ഹി ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പഞ്ച്രിയില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍ തിക്രിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. സിഖ് പ്രഭാഷകന്‍ സന്ത് റാം സിങ്ങും സിങ്കു അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്തിന് സമീപം ജീവിതം അവസാനിപ്പിച്ചിരുന്നു. 39 കാരനായ മറ്റൊരു കര്‍ഷകനും ജനുവരിയില്‍ സിംഘുവില്‍ ആത്മഹത്യ ചെയ്തിരുന്നു.

Tags:    

Similar News