കണ്ണൂരിലെ വനത്തില്‍ മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായെന്ന് തണ്ടര്‍ബോള്‍ട്ട്; പരിശോധന

Update: 2023-11-13 07:46 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കു സമീപം അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപോര്‍ട്ട്. വെടിവയ്പില്‍ രണ്ട് മാവോവാദികള്‍ക്ക് പരിക്കേറ്റതായും സംശയം. ഇന്ന് രാവിലെ ഏഴരയോടെ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനമേഖലയിലാണ് സംഭവം. വനത്തില്‍ പതിവ് പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോവാദികള്‍ വെടിയുതിര്‍ത്തെന്നാണ് പറയുന്നത്. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചും വെടിവച്ചെന്നും രണ്ട് മാവോവാദികള്‍ക്ക് വെടിയേറ്റതായി സംശയമുണ്ടെന്നുമാണ് പറയുന്നത്. ഏകദേശം പത്ത് മിനിറ്റ് നേരം വെടിയൊച്ച ശബ്ദം കേട്ടതായി നാട്ടുകാരും പറയുന്നുണ്ട്. സ്ഥലത്തുനിന്ന് മൂന്ന് തോക്കുകളും കണ്ടെടുത്തതായി തണ്ടര്‍ബോള്‍ട്ട് അറിയിച്ചു. സ്ഥലത്ത് രക്തതുള്ളികള്‍ ഉള്‍പ്പെടെ കണ്ടെത്തിയതാണ് പരിക്കേറ്റെന്ന നിഗമനത്തിനു കാരണം.

    സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പോലിസ് സംഘം സ്ഥലത്തെത്തി വനമേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. സ്ഥലത്ത് മാവോവാദികളുടെ ക്യാംപ് പ്രവര്‍ത്തിച്ചിരുന്നതായി നേരത്തേ വിവരം ലഭിച്ചിരുന്നതായാണ് പോലിസ് അവകാശപ്പെടുന്നത്. എന്നാല്‍, വെടിവയ്പില്‍ പോലിസുകാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല.

Tags:    

Similar News