തൃശൂര്‍ കോര്‍പറേഷന്‍ യോഗത്തിനിടെ കൈയാങ്കളി; പ്രതിപക്ഷം ബജറ്റ് കീറിയെറിഞ്ഞു

Update: 2022-03-30 07:28 GMT

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ യോഗത്തില്‍ സംഘര്‍ഷം. ബജറ്റ് അവതരണത്തിനിടെയാണ് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയുണ്ടായത്. മേയറുടെ ചേംബറില്‍ കയറി ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങള്‍ തടസ്സപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇരുപക്ഷവും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് കീറിയെറിഞ്ഞു. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം നിര്‍വഹിക്കുന്നതിനിടെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.

ബജറ്റ് വായന ആരംഭിച്ച ഘട്ടം മുതല്‍ പ്രതിപക്ഷ ബഹളം തുടങ്ങി. മേയറുടെ മൈക്ക് പിടിച്ച് വാങ്ങി. ഇതോടെ ഭരണപക്ഷവും നടുത്തളത്തില്‍ ഇറങ്ങി. ഇതോടെ വാക്കേറ്റം കൈയാങ്കളിയായി. പലരുടെയും കൈകാലുകള്‍ക്ക് പരിക്കേറ്റു. ബഹളത്തിനിടെ ബജറ്റ് പാസ്സാക്കി. പൊതുമുതല്‍ നശിപ്പിച്ച പ്രതിപക്ഷത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, എ കെ സുരേഷ്, ലാലി ജെയിംസ് എന്നിവര്‍ക്കെതിരേ നടപടി എടുക്കുമെന്ന് മേയര്‍ പറഞ്ഞു.

തൃശൂര്‍ മാസ്റ്റര്‍ പ്ലാന്‍ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള കരട് റിപോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ കേന്ദ്രസര്‍ക്കാരിന് കൈമാറിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ബിജെപിയും എല്‍ഡിഎഫും ഒത്തുകളിച്ച് കോടികളുടെ അഴിമതി നടത്തുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അവിശ്വാസം പരാജയപ്പെട്ട ശേഷം ഭരണപക്ഷത്തിനെതിരേ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

Tags:    

Similar News