കവളപ്പാറയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 33 ആയി; 26 പേര്‍ക്കായി കാത്തിരിപ്പ് തുടരുന്നു

ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി കണ്ടെത്തിയ എട്ടു ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. എസ്ഡിപിഐ ആര്‍ജി ടീം ഉള്‍പ്പെടെയുള്ള സംഘമാണ് മേഖലയില്‍ തിരച്ചില്‍ നടത്തിയത്.

Update: 2019-08-15 14:14 GMT

മലപ്പുറം: കനത്തമഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ഇന്നു നടത്തിയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി. കവളപ്പാറയില്‍ ദുരന്തത്തിന് ഇരയായ 26 പേരെ ഇനിയും കണ്ടെത്താന്‍ ബാക്കിയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഉരുള്‍പൊട്ടല്‍ നാശം വിതച്ച കവളപ്പാറയില്‍ രാവിലെ ഏഴരയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.

ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി കണ്ടെത്തിയ എട്ടു ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. 40 വീടുകളെങ്കിലും മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. എസ്ഡിപിഐ ആര്‍ജി ടീം ഉള്‍പ്പെടെയുള്ള സംഘമാണ് മേഖലയില്‍ തിരച്ചില്‍ നടത്തിയത്. മഴ മാറിനിന്നതോടെ രക്ഷാപ്രവര്‍ത്തനം ശക്തമായി മുന്നോട്ട് പോവുന്നുണ്ട്.

കവളപ്പാറയില്‍ ആകെ 59 പേര്‍ മണ്ണില്‍ കുടുങ്ങിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍. വന്‍ നാശം വിതച്ച ജില്ലയിലെ തുടര്‍നടപാടികള്‍ക്കായി മന്ത്രി കെ ടി ജലീലിന്റെ ആദ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കാണാതായ അവസാനത്തെ ആളേയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനാണ് തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്.

അതേസമയം, സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരിച്ചവരുടെ ആകെ എണ്ണം 107 ആയി. വയനാട് പുത്തുമലയില്‍ മലയിടിഞ്ഞു കാണാതായ ഏഴു പേര്‍ക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുന്നുണ്ട്. പോലിസ് നായകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. കാണാതായവര്‍ക്കുവേണ്ടി കവളപ്പാറയിലും പുത്തുമലയിലും ഡ്രോണ്‍ കൂടി ഉപയോഗിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News