ബഹ്‌റയ്‌നില്‍ വീണ്ടും ഇറാന്‍ ആക്രമണം

Update: 2026-03-08 07:15 GMT

മനാമ: ബഹ്‌റയ്‌നില്‍ വീണ്ടും ഇറാന്‍ ആക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ മുഹറഖ് ഭാഗത്തെ സര്‍വകലാശാല കെട്ടിടത്തിന് കേടുപാടുണ്ടായിട്ടുണ്ട്. ജനവാസ മേഖലയിലും ഡ്രോണ്‍ ആക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തില്‍ ജല ശുദ്ധീകരണ പ്ലാന്റിന് തകര്‍ച്ചയുണ്ടായതായും പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മിന സല്‍മാന്‍ തുറമുഖത്തിന് നേരെയും ആക്രമണം നടന്നിരുന്നു.

ഇറാന്‍ ആക്രമണത്തില്‍ ബഹ്റയ്‌നില്‍ നേരത്തെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിദ്ദിലെ സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കപ്പലിന് തീ പിടിച്ചാണ് പ്രവാസി തൊഴിലാളി മരിച്ചത്. മിസൈല്‍ ആക്രമണം ഇന്റര്‍സെപ്റ്റ് ചെയ്യുന്നതിനിടെ നിര്‍ത്തിയിട്ട കപ്പലിനു നേരെ മിസൈല്‍ അവശിഷ്ടം വന്ന് പതിക്കുകയായിരുന്നു. ബംഗ്ലാദേശ് പൗരനാണ് ആക്രമണത്തില്‍ മരിച്ചത്. കപ്പലിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ബഹ്‌റയ്‌നിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Tags: