ജമ്മു കശ്മീരില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മൂന്ന് നേതാക്കളെ വിട്ടയച്ചു

തടങ്കലില്‍ വച്ചിരുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് നൂര്‍ മുഹമ്മദ്, പിഡിപി വക്താവ് യവാര്‍ ദിലാവര്‍ മിര്‍, ജെകെപിസി പ്രതിനിധി ഷുഹൈബ് ലോണ്‍ എന്നിവരെയാണ് വിട്ടയച്ചതെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.

Update: 2019-10-10 06:14 GMT

ശ്രീനഗര്‍: പ്രത്യേകാധികാര പദവി റദ്ദാക്കി രണ്ടുമാസത്തിനു ശേഷം വിനോദസഞ്ചാരികള്‍ക്ക് അനുമതി നല്‍കിയതിനു പിന്നാലെ മൂന്ന് രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചു. തടങ്കലില്‍ വച്ചിരുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് നൂര്‍ മുഹമ്മദ്, പിഡിപി വക്താവ് യവാര്‍ ദിലാവര്‍ മിര്‍, ജെകെപിസി പ്രതിനിധി ഷുഹൈബ് ലോണ്‍ എന്നിവരെയാണ് വിട്ടയച്ചതെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു. ആഗസ്ത് അഞ്ചിനു കശ്മീര്‍ ബില്ല് പാസാക്കിയതു മുതല്‍ ഇവരെല്ലാം തടങ്കലില്‍ കഴിയുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. റാഫിയാബാദ് നിയമസഭാ സീറ്റില്‍ നിന്ന് പിഡിപിയുടെ മുന്‍ എംഎല്‍എയാണ് യവാര്‍ ദിലാവര്‍ മിര്‍, വടക്കന്‍ കശ്മീരില്‍ നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് പരാജയപ്പെട്ടയാളാണ് ഷുഹൈബ് ലോണ്‍. ഇതിനു ശേഷം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ഇദ്ദേഹം പീപ്പിള്‍സ് കോണ്‍ഫറന്‍സ് മേധാവി സഞ്ജാദ് ലോണുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ശ്രീനഗര്‍ മേഖലയില്‍ പ്രദേശത്ത് നാഷനല്‍ കോണ്‍ഫറന്‍സിനെ ശക്തിപ്പെടുത്തിയ പ്രവര്‍ത്തകനാണ് നൂര്‍ മുഹമ്മദ്.ഉപാധികളടങ്ങിയ ബോണ്ട് ഒപ്പിട്ടതിനാല്‍ മൂന്ന് രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനമോ പ്രസംഗമോ നടത്തില്ല തുടങ്ങിയ ഉപാധികള   ടങ്ങിയ ബോണ്ടില്‍ ചില രാഷ്ട്രീയനേതാക്കള്‍ ഒപ്പുവച്ചതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

   


    അതിനിടെ, വിനോദസഞ്ചാരികള്‍ക്കുള്ള നിയന്ത്രണം നീക്കിയെങ്കിലും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികകള്‍ കശ്മീര്‍ താഴ്‌വരയിലെ താമസം വെട്ടിക്കുറയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനു ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നേതൃത്വത്തില്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് 10 മുതല്‍ കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ തീരുമാനിച്ചിരുന്നത്.



Tags: