വിപണിയില്‍ ആറു ലക്ഷത്തോളം രൂപ വില വരുന്ന 20 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍; പിടിയിലായത് പാണ്ടിക്കാട് മുടിക്കോട് സ്വദേശികള്‍
പാണ്ടിക്കാട് മുടിക്കോട് സ്വദേശികളായ വട്ടക്കണ്ടന്‍ നിസ്സാമുദ്ദീന്‍(26), തയ്യില്‍ മുബഷീര്‍(22), മദാരി ഫവാസ് (24) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പിടിയിലായത്.
പെരിന്തല്‍മണ്ണ: വിപണിയില്‍ ആറു ലക്ഷത്തോളം രൂപ വില വരുന്ന 20 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. പാണ്ടിക്കാട് മുടിക്കോട് സ്വദേശികളായ വട്ടക്കണ്ടന്‍ നിസ്സാമുദ്ദീന്‍(26), തയ്യില്‍ മുബഷീര്‍(22), മദാരി ഫവാസ് (24) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പിടിയിലായത്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നും ഏജന്റുമാര്‍ മുഖേന ട്രയിന്‍ മാര്‍ഗം കേരളത്തിലേക്ക് ട്രോളിബാഗുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായി മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം ഐപിഎസ് അവര്‍കള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരിച്ചിലിലാണ് സംഘം പിടിയിലായത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പാണ്ടിക്കാട് സി ഐ മുഹമ്മദ് ഹനീഫയും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പാണ്ടിക്കാട് മുടിക്കോട് പാലത്തിനുസമീപം വച്ച് ബാഗുകളിലും ചാക്കിലുമാക്കിയ നിലയില്‍ 20 കിലോഗ്രാമോളം തൂക്കംവരുന്ന കഞ്ചാവാണ് പിടികൂടിയത്.
തേജസ് ന്യൂസ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആന്ധ്ര ഒഡീഷ ബോര്‍ഡറില്‍ നക്‌സല്‍ സ്വാധീനമേഖലകളില്‍ നിന്നും കിലോഗ്രാമിന് 1800 രൂപയ്ക്ക് വാങ്ങി ട്രയിന്‍ മാര്‍ഗം നാട്ടിലെത്തിച്ച് ബാഗുകളിലും ചാക്കിലുമാക്കി പുഴയുടെ തീരത്ത് കുറ്റിക്കാടുകളിലും മറ്റും ഒളിപ്പിച്ച് ചെറുകിട ഏജന്റുമാര്‍ക്ക് ആറു ലക്ഷത്തിലധികം രൂപ വിലപറഞ്ഞുറപ്പിച്ച് വില്‍പനക്കാര്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലിസിന്റെ പിടിയിലായത്. ഒരാഴ്ച മുന്‍പ് പോയ പ്രതികള്‍ ഒരുദിവസം മുന്‍പാണ് തിരിച്ച് നാട്ടിലെത്തിയത്. അറസ്റ്റ് ചെയ്ത നിസാമുദ്ദീനും ഫവാസും മാസങ്ങള്‍ക്ക് മുന്‍പ് 100 ഗ്രാം കഞ്ചാവുമായി പാണ്ടിക്കാട് പോലീസിന്റെ പിടിയിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് പുതിയ ഇടപാടിനിറങ്ങിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. പ്രത്യേക അന്വേഷണ സംഘത്തിലെ സി പി മുരളീധരന്‍, ടി ശ്രീകുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, പി അനീഷ്, പ്രശാന്ത്, വി മന്‍സൂര്‍, രാകേഷ്ചന്ദ്രന്‍, ജയമണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .
