യുപിയില്‍ ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് നദിയില്‍ ഒഴുക്കി; പ്രതി മുസ് ലിം ആണെന്ന് വ്യാജ പ്രചാരണം പോളിച്ച് പോലിസ്
ഉത്തര്‍പ്രദേശില്‍ ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി മുസ് ലിം ആണെന്ന് പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം. കുട്ടിയുടെ മൃതദേഹം നദിയില്‍ നിന്ന് പുറത്തെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോ പങ്ക് വച്ചാണ് ഹിന്ദുത്വ പേജുകള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തിയത്. ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ സഹോദരിയുടെ മകളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് മുഹമ്മദ് അക്രം ആണെന്നായിരുന്നു സംഘപരിവാര്‍ ഹാന്‍ഡിലുകളിലെ വ്യാജ പ്രചാരണം. എന്നാല്‍, വൈറല്‍ വീഡിയോയില്‍ കാണുന്ന പ്രതി മുഹമ്മദ് അക്രം എന്ന മുസ്‌ലിം യുവാവ് ആണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. കേസിലെ യഥാര്‍ത്ഥി പ്രതി വിദ്യാസാഗര്‍ യാദവ് ആണെന്നും പോലിസ് സ്ഥിരീകരിച്ചു.
വൈറല്‍ പ്രചരണം
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഒരാള്‍ നദിയില്‍ നിന്ന് ഒരു ബാലികയുടെ മൃതദേഹം പുറത്തെടുക്കുന്നതായി കാണാം. ഈ വീഡിയോ പങ്കുവെച്ച് ചിലര്‍, മുഹമ്മദ് അക്രം എന്ന പേരുള്ള ഒരാള്‍ തന്റെ സഹോദരന്റെ ഒന്‍പത് വയസ്സുള്ള മകളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളി എന്നാണ് അവകാശപ്പെട്ടത്.
സത്യാവസ്ഥ
വാര്‍ത്തകളും ഔദ്യോഗിക രേഖകളും പരിശോധിച്ചപ്പോള്‍, മുഹമ്മദ് അക്രം എന്ന പേരിലുള്ള ആരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. വിശ്വസനീയമായ ഏതെങ്കിലും വാര്‍ത്താ റിപ്പോര്‍ട്ടുകളും ഈ ആരോപണം ശരിവക്കുന്നില്ല.
റിവേഴ്‌സ് ഇമേജ് പരിശോധനയും പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളും പ്രകാരം, സംഭവം 2026 ഫെബ്രുവരി 11-നാണ് നടന്നത്. കേസിലെ പ്രതി വിദ്യാസാഗര്‍ യാദവ് എന്ന വ്യക്തിയാണെന്ന് കണ്ടെത്തി. ഇയാള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആറുവയസ്സുകാരിയായ തന്റെ അനന്തരവളെ സ്‌കൂളില്‍ നിന്ന് വീട്ടുപണിയെന്ന വ്യാജേന വിളിച്ചു കൊണ്ടുപോയി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിദ്യാസാഗര്‍ യാദവ് കുട്ടിയെ ഗോതമ്പ് വയലിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം ജ്ഹറാഹി നദിക്കരയില്‍ ഉപേക്ഷിച്ചു. കുട്ടിയെ കണ്ടെത്താനായി നാട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോള്‍ പ്രതിയും തിരച്ചിലില്‍ പങ്കെടുത്തതായി പറയുന്നു. സാക്ഷിയുടെ മൊഴിയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സ്ഥിരീകരണവും അടിസ്ഥാനമാക്കി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പോലിസ് വിശദീകരണം
ദിയോറിയ പോലിസ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതി വിദ്യാസാഗര്‍ യാദവാണെന്നും, മുഹമ്മദ് അക്രം എന്ന പേരിലുള്ള ആരും ഈ കേസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. ദിയോറിയ എസ്പി സഞ്ജീവ് സുമന്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും കേസിന് യാതൊരു സാമുദായിക ബന്ധവുമില്ലെന്ന് വ്യക്തമാക്കി.

