തിരുവനന്തപുരത്ത് ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണില്‍

ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഉറവിടമറിയാത്ത 11 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്

Update: 2020-07-03 06:46 GMT

തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികള്‍ കൂടിയ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പാളയം ഉള്‍പ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണാക്കി. സാഫല്യം കോംപ്ലക്‌സ് അടച്ചതിന് പിന്നാലെ പാളയം മാര്‍ക്കറ്റും അടക്കും. നഗരത്തില്‍ അണുനശീകരണം ആരംഭിച്ചു. ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഉറവിടമറിയാത്ത 11 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

ജില്ലയില്‍ ചുവടെ പറയുന്ന പ്രദേശങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. (1) നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് - 17 - വഴുതൂര്‍ (2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് - തളയല്‍ (3) തിരു: കോര്‍പ്പറേഷനിലെ വാര്‍ഡ് - 66 - പൂന്തുറ, (4)വാര്‍ഡ് - 82 വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലയിന്‍ (5) പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ - 27 കൂടാതെ പാളയം വാര്‍ഡ് . ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അറിയിപ്പില്‍ പറയുന്നു.

മുന്‍കരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്‌സിന് സമീപത്തുള്ള പാളയം മാര്‍ക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താല്‍ക്കാലികമായി അവസാനിപ്പിക്കും. പ്രധാന ഗേറ്റില്‍ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. പാളയം മാര്‍ക്കറ്റിന് മുന്‍പിലുള്ള തെരുവോര കച്ചവടങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. ആള്‍ക്കൂട്ടം കുറക്കുന്നതിനായി ചാല,പാളയം മാര്‍ക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാത്രമായി നഗരസഭ ഏര്‍പ്പടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നഗരത്തിലെ തിരക്കുള്ള മുഴുവന്‍ സൂപ്പര്‍ മര്‍ക്കറ്റുകളിലേക്കും, മറ്റ് മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.

എന്നാല്‍ തിരുവനന്തപുരം ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ജില്ലയില്‍ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകണം. കൊവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കും. ഡ്യൂട്ടിയില്‍ അല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഡോക്ടര്‍മാരെയും അധ്യാപകരെയും ഏകോപിപ്പിച്ച് വാര്‍ഡ് തലത്തില്‍ നിരീക്ഷണ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.




Tags:    

Similar News