മോഷ്ടാവ് കാവല്‍ക്കാരനെ കുറ്റപ്പെടുത്തുന്നു: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ലോക്‌സഭയില്‍ മോദി

മഹാസഖ്യമെന്ന ആശയം മായം ചേര്‍ക്കലാണെന്നും ജനങ്ങള്‍ ഇതിനെക്കുറിച്ച് ബോധവാന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-02-08 01:18 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമര്‍ശനമഴിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാസഖ്യമെന്ന ആശയം മായം ചേര്‍ക്കലാണെന്നും ജനങ്ങള്‍ ഇതിനെക്കുറിച്ച് ബോധവാന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.

മോഷ്ടാവ് കാവല്‍ക്കാരനെ കുറ്റപ്പെടുത്തുന്നുവെന്ന സുപ്രസിദ്ധ പഴഞ്ചൊല്ലിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുകയും ചെയ്തു മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തിയുള്ള ലോക്‌സഭയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുടെ സൈന്യം ശക്തമാകണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അടക്കം പിരിച്ചുവിട്ട ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നും മോദി ഓര്‍മിപ്പിച്ചു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ കോണ്‍ഗ്രസുകാര്‍ പിരിച്ചുവിട്ടുട്ടുണ്ട്. ഇന്ദിരാഗാന്ധി 50ല്‍ അധികം തവണ അത് ചെയ്തിട്ടുണ്ട്. 1959ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. അറുപത് വര്‍ഷത്തിനു ശേഷവും കേരളത്തിലെ സുഹൃത്തുക്കള്‍ അക്കാര്യം ഓര്‍മിക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ വലിയ പുരോഗതിയാണ് കൈവരിച്ചത്. നിക്ഷേപം, പുതിയ സംരംഭങ്ങള്‍, കൃഷി, പാല്‍ ഉല്‍പാദനം തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യയുടെ പുരോഗതി ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ 55 വര്‍ഷങ്ങള്‍ക്കിടയില്‍ ആകെ നല്‍കിയത് 12 കോടി ഗ്യാസ് കണക്ഷനുകള്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ 55 മാസങ്ങള്‍ക്കൊണ്ട് 13 കോടി ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചതായും മോദി പറഞ്ഞു.

Tags:    

Similar News