സംഘ് പരിവാറിന്റെ മറ്റൊരു നുണകൂടി പൊളിഞ്ഞു; ദേശവിരുദ്ധ പ്രസംഗത്തിന് കോണ്‍ഗ്രസുകാര്‍ക്ക് ലാത്തിയടി: പ്രചരണത്തിലെ സത്യം ഇതാണ്

കേന്ദ്ര ബജറ്റ് ദിനത്തില്‍ ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുന്ന ദൃശ്യമാണ് ഭീകരമായ നുണയുടെ അകമ്പടിയോടെ സംഘപരിവാരം പ്രചരിപ്പിച്ചത്.

Update: 2019-02-06 15:13 GMT

ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരേ സംഘപരിവാര്‍ നുണ ഫാക്ടറികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം പച്ചക്കള്ളങ്ങള്‍ തട്ടിവിടാറുണ്ട്. വ്യജ വിഡിയോകളും ഫോട്ടോഷോപ്പും ഉപയോഗപ്പെടുത്തിയാണ് സംഘപരിവാറിന്റെ ഈ നുണപ്രചാരണം. പലതും സോഷ്യല്‍മീഡിയ കയ്യോടെ പിടികൂടി പൊളിച്ചടുക്കിയിട്ടും അത്തരം നുണബോംബുകളുമായി സംഘപരിവാരം മുന്നോട്ട് പോവുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ വ്യാജ സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയിയില്‍ നിറയുകയാണ്. ഛത്തീസ്ഗഢില്‍ നിന്നുള്ള ദൃശ്യമാണ് ഏറ്റവും അവസാനമായി സംഘപരിവാര നുണഫാക്ടറികള്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

കേന്ദ്ര ബജറ്റ് ദിനത്തില്‍ ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുന്ന ദൃശ്യമാണ് ഭീകരമായ നുണയുടെ അകമ്പടിയോടെ സംഘപരിവാരം പ്രചരിപ്പിച്ചത്. ദേശവിരുദ്ധ പ്രസംഗം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരേ പോലിസ് ലാത്തിച്ചാര്‍ജ് എന്ന അടിക്കുറിപ്പോടെയായിരുന്നു ഇവ സാമൂഹിക മാധ്യമങ്ങളില്‍ പറന്നത്. മിഷന്‍ മോദി 2019 എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് മേല്‍ സൂചിപ്പിച്ച വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. അഞ്ചു ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന പേജില്‍ മണിക്കൂറുകള്‍ക്കകം ആയിരത്തിലേറെ പേരാണ് ഈ നുണ പങ്കുവച്ചത്. ബിജെപി അനുകൂല മാധ്യമങ്ങളും തങ്ങളുടെ പിന്തുണ ഇതിന് ആവശ്യത്തിലേറെ നല്‍കി. വീഡിയോ പ്രചരിച്ചതോടെ കോണ്‍ഗ്രസിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

എന്നാല്‍, സംഭവത്തിനു പിന്നിലെ സത്യാവസ്ഥ മറ്റൊന്നായിരുന്നു. വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ബിലാസ് പൂരില്‍ നടന്നതാണ്. ബിജെപി നേതാവിന്റെ വീടിന് മുമ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതിഷേധമാണ് ലാത്തിചാര്‍ജില്‍ കലാശിച്ചത്. ക്രൂരമായ ലാത്തിച്ചാര്‍ജാണ് അന്ന് പോലിസ് നടത്തിയത്.സംഭവത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള ഉന്നത നേതാക്കള്‍ ബിജെപിക്കും പോലിസിനുമെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. വലിയ മാധ്യമ ശ്രദ്ധയും അന്ന് ഇതിനു ലഭിച്ചിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.

Tags:    

Similar News