മുല്ലപ്പെരിയാര്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കില്ല

. അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിക്ക് മുകളിലേക്ക് ഉയര്‍ത്തണോ എന്നതില്‍ നവംബര്‍ 11ന് തീരുമാനം എടുക്കാം എന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ചയായിരിക്കും കേസ് പരിഗണിക്കുക എന്നാണ് സൂചന.

Update: 2021-11-10 19:30 GMT

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് (വ്യാഴാഴ്ച) സുപ്രിംകോടതി പരിഗണിക്കില്ല. അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിക്ക് മുകളിലേക്ക് ഉയര്‍ത്തണോ എന്നതില്‍ നവംബര്‍ 11ന് തീരുമാനം എടുക്കാം എന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ചയായിരിക്കും കേസ് പരിഗണിക്കുക എന്നാണ് സൂചന.

അണക്കെട്ടിലെ ജലനിരപ്പ് തമിഴ്‌നാട് നിശ്ചയിച്ച റൂള്‍കര്‍വ് പ്രകാരം ഈ മാസം അവസാനം 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി കോടതിയെ അറിയിച്ചത്. അതിനെ എതിര്‍ത്ത് കേരളം സത്യവാംങ്മൂലം നല്‍കിയിരുന്നു. 140 അടിക്ക് മുകളിലേക്ക് ഈമാസം അവസാനം വരെ ജലനിരപ്പ് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്റെ ആവശ്യം. പുതിയ അണക്കെട്ട് ആവശ്യവും കേരളം ഉയര്‍ത്തുന്നു.

പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരമെന്നാണ് കേരളം സുപ്രിംകോടതിയില്‍ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനഃപരിശോധിക്കണമെന്നും കേരളം സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന മേല്‍നോട്ട സമിതിയുടെ റിപോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രിംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് പറഞ്ഞു. സുപ്രിംകോടതിയില്‍ നല്‍കിയ മറുപടി സത്യവാംങ്മൂലത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

Tags:    

Similar News