ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരും: ഐഷ സുല്‍ത്താന

രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പോലിസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ വ്യക്തമാക്കി.

Update: 2021-06-19 09:08 GMT

കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് കവരത്തി പോലിസ് കള്ളക്കേസില്‍ കുടുക്കിയ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പോലിസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ വ്യക്തമാക്കി.

കേസില്‍ കവരത്തി പോലിസിന് മുന്നില്‍ ഹാജരാവാന്‍ ലക്ഷദ്വീപിലേക്ക് പോകുന്നതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഐഷ. നാളെ വൈകീട്ട് നാലരയ്ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും അവര്‍ വ്യക്തമാക്കി. അഭിഭാഷകനൊപ്പമാണ് ഐഷ ലക്ഷദ്വീപിലെത്തുന്നത്.

നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി കൊണ്ടുള്ള ഐഷയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ വേണ്ടി മാറ്റിവെച്ചു. നാളെ കവരത്തി പോലിസ് സ്‌റ്റേഷനില്‍ ഐഷ ഹാജരാകണമെന്ന് നിര്‍ദേശിച്ച കോടതി അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യം നല്‍കണമെന്നും നിര്‍ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയാലും ഇവരുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഐഷ നടത്തിയത് വിമര്‍ശനമല്ല, വിദ്വേഷപ്രചരണമാണെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ വാദിച്ചത്.കേന്ദ്രം ദ്വീപില്‍ ജൈവായുധം ഉപയോഗിച്ചു എന്ന് ഐഷ ചാനല്‍ ചര്‍ച്ചക്കിടെ ആവര്‍ത്തിച്ച് പറഞ്ഞു. ഭരണകൂടത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമണത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Tags: